കേസ് നടത്തിപ്പ് സംബന്ധിച്ച തർക്കം: അഭിഭാഷകന്റെ കൊലപാതക കേസിൽ 4 പേർ കൂടി പിടിയിൽ
Mail This Article
നാഗർകോവിൽ∙ കേസ് നടത്തിപ്പ് സംബന്ധിച്ച തർക്കത്തെത്തുടർന്ന് അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തിൽ 4 പേർ കൂടി പിടിയിലായതായി സൂചന. കേസിൽ അറസ്റ്റിലായ തിരുപ്പതിസാരം സ്വദേശി ഇശക്കിമുത്തുവിന്റെ (32) സുഹൃത്തുക്കളാണ് ഇവരെന്ന് പറയപ്പെടുന്നു. നാഗർകോവിലിനു സമീപം ഭീമനഗരിയിൽ നടന്ന സംഭവത്തിൽ അഭിഭാഷകനും തക്കലയ്ക്കു സമീപം മുട്ടയ്ക്കാട് ശരൽവിള സ്വദേശിയുമായ ക്രിസ്റ്റഫർ ജോബിയാണ് (50) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിനു ശേഷം ഇശക്കിമുത്തു ആരുവാമൊഴി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൃതദേഹം ഒളിപ്പിക്കാൻ പ്രതിയെ സഹായിച്ചവരാണ് പിടിയിലായതെന്ന് പറയപ്പെടുന്നു. ഇവരെ പൊലീസ് ചോദ്യംചെയ്തുവരുന്നു.
തന്റെ ഭൂമി സംബന്ധിച്ച കേസ് വാദിച്ചിരുന്ന ക്രിസ്റ്റഫർ ജോബി ശരിയായ രീതിയിൽ കേസ് നടത്തിയിരുന്നില്ലെന്നും തുടർന്ന് താൻ നൽകിയ ഭൂമിയുടെ ഒറിജിനൽ രേഖകൾ തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും മടക്കി നൽകാൻ ക്രിസ്റ്റഫർ വിസമ്മതിച്ചു എന്നും ഇശക്കിമുത്തു പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ഇശക്കിമുത്തു ഭീമനഗരിയിലേക്ക് ക്രിസ്റ്റഫറിനെ വിളിച്ചു വരുത്തി. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അരിവാൾ ഉപയോഗിച്ച് ഇശക്കിമുത്തു ക്രിസ്റ്റഫറിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ബൈക്കിൽ മൃതദേഹം കുളക്കരയിൽ എത്തിച്ചു കത്തിച്ചതായി പ്രതി മൊഴി നൽകി.