‘അണികളുടെ പിന്തുണ ഉണ്ടായിട്ടും അതിന് വിലകൊടുക്കേണ്ടി വന്ന നേതാവാണ് എം.വി.ആർ’: പാലോട് രവി
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിൽ ഇന്ന് കാണുന്ന ജീർണതയ്‌ക്കെതിരെ പതിറ്റാണ്ടുകൾക്ക് മുൻപ് ശബ്ദം ഉയർത്തുകയും നേതാക്കളുടെ ഏകാധിപത്യ ഉരുക്കുമറ ഭേദിക്കുകയും ചെയ്ത വിപ്ലവകാരിയായിട്ടാണ് എം.വി.ആറിനെ (എം.വി.രാഘവൻ) ചരിത്രം രേഖപ്പെടുത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. എംവിആർ ഭവനിൽ എം.വി.ആർ. അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘അണികളുടെ പിന്തുണ ഉണ്ടായിട്ടും അതിന് വിലകൊടുക്കേണ്ടി വന്ന നേതാവാണ് എം.വി.ആർ. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനും പാർട്ടിക്ക് അകത്ത് മതേതരത്വം ഉണ്ടാക്കാനുള്ള ശ്രമം അദ്ദേഹം നടത്തി. എൺപതുകളിൽ വിദ്യാർഥികളിലും ചെറുപ്പക്കാരിലും എം.വി.ആറിനുണ്ടായ സ്വാധീനം നേതാക്കളുടെ കണ്ണിൽ കരടായി മാറുകയായിരുന്നു. സഹകരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മേഖലയിലേക്ക് വരണമെന്ന ആശയം രാജ്യത്തിനു നൽകിയത് എം.വി.ആർ. ആയിരുന്നു. പരിയാരം മെഡിക്കൽ കോളജ് ഇതിനൊരു അടയാളമാണ്. വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകൾ മനസ്സിലാക്കി അതിന് തുടക്കം കുറിച്ചത് എം.വി.ആർ. ആയിരുന്നു’– അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ.മനോജ് അധ്യക്ഷത വഹിച്ചു. സിഎംപി സംസ്ഥാന സെക്രട്ടറി എം.പി.സാജു, സിഎംപി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ജി.മധു, ഉഴമലഴ്ക്കൽ ബാബു, സിഎംപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അലക്സ് സാം ക്രിസ്മസ്, കെ.വിനോദ് കുമാർ, കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് അനിൽ ശ്രീകണ്ഠൻ, ജില്ലാ പ്രസിഡന്റ് നിഷ സുധീഷ്, സെക്രട്ടറി സന്തോഷ് കുമാർ, കെഎംഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ.സിനി, ജില്ലാ പ്രസിഡന്റ് വി.കെ.രേണുക, സെക്രട്ടറി ചന്ദ്രവല്ലി, ഡിഎസ്എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ എന്നിവർ സംസാരിച്ചു.