കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോ പുതിയ മുഖത്തിലേക്ക്..
Mail This Article
ആറ്റിങ്ങൽ∙ കെഎസ്ആർടിസി ഡിപ്പോയെ ജനകീയമാക്കാനുള്ള ശ്രമങ്ങൾക്ക് ശരവേഗം . ഡ്രൈവിങ് സ്‌കൂൾ, യാത്രി ഫ്യൂവൽ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം 18നു നടക്കും. ആദ്യ ഘട്ടത്തിൽ ഹെവി മോട്ടർ ഡ്രൈവിങ് പരിശീലനമാണ് ആരംഭിക്കുന്നത്. പരിശീലനത്തിനുള്ള ബസ് ഡിപ്പോയിൽ തന്നെ ഉണ്ട്. ഓഫിസും പ്രാക്ടിക്കൽ ക്ലാസ് മുറികളും സജ്ജമായതായി അധികൃതർ പറഞ്ഞു.
ഡിപ്പോയിൽ നിന്നുള്ള ഡ്രൈവർമാരാണ് പരിശീലകരായി എത്തുന്നത്. ഹെവി ഡ്രൈവിങ് പരിശീലനത്തിനായി മൈതാനം ആവശ്യമില്ല ഗ്രൗണ്ട് ഒരുക്കിയാലുടൻ കാർ , ബൈക്ക് എന്നിവയുടെ പരിശീലനം ആരംഭിക്കും. ഡിപ്പോയുടെ പിന്നിലാണ് ഗ്രൗണ്ട് ഒരുക്കുന്നത്. ഇവിടെ ഗ്രൗണ്ട് ഒരുക്കുമ്പോൾ നിലവിലെ പാർക്കിങ് ഏരിയ സമീപത്തായി കാടുപിടിച്ച് കിടക്കുന്ന വസ്തു വൃത്തിയാക്കി അവിടേക്ക് മാറ്റും. പരിശീലനത്തിനായി കാറും രണ്ട് ബൈക്കുകളും ആവശ്യമുണ്ട്. ഇവ ലഭ്യമായാലുടൻ ഇവയുടെ പരിശീലനം ആരംഭിക്കും.
ഡിപ്പോയുടെ തെക്കുഭാഗത്തുള്ള ഭൂമിയിൽ കച്ചവട സമുച്ചയം ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നു. നിലവിലെ ഗാരേജിനോട് ചേർന്ന് പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡിപ്പോയുടെ വശത്തായി ബഹു നില ഷോപ്പിങ് കോപ്ലക്സ് മന്ദിരം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ അടക്കം പുരോഗമിക്കുകയാണ്. ഒ.എസ്.അംബിക എംഎൽഎ.യുടെ നേതൃത്വത്തിലാണ് വികസന പ്രവർത്തനങ്ങളുടെ ആസൂത്രണം നടക്കുന്നത്.
ഗ്രൗണ്ട് നിർമാണത്തിനുള്ള തുക നൽകും : എംഎൽഎ
ആറ്റിങ്ങൽ∙ ഡ്രൈവിങ് പരിശീലനത്തിനായി ഡിപ്പോയ്ക്ക് പുറകിലുള്ള സ്ഥലം വൃത്തിയാക്കി ഗ്രൗണ്ട് നിർമിക്കുന്നതിന് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചു നൽകുമെന്ന് ഒ.എസ് അംബിക എംഎൽഎ അറിയിച്ചു. സംസ്ഥാനത്തെ മികച്ച ഡിപ്പോകളിൽ ഒന്നാക്കി ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു.