യുവാവിനെ ഗുണ്ടകൾ ആക്രമിച്ച സംഭവം: പിന്നിൽ അയൽവാസിയായ ഗ്രേഡ് എസ്ഐ നൽകിയ ക്വട്ടേഷൻ
Mail This Article
പാറശാല∙ യുവാവിനെ ഗുണ്ടകൾ ആക്രമിച്ച സംഭവത്തിനു പിന്നിൽ അയൽവാസിയായ ഗ്രേഡ് എസ്ഐ നൽകിയ ക്വട്ടേഷൻ എന്നു പൊലീസ് കണ്ടെത്തൽ. കഴിഞ്ഞ മാസം 19ന് ചെങ്കൽ സ്വദേശി സജു ആണ് കുന്നുവിളയിൽ വച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായത്. ഒരാഴ്ച മുൻപ് കേസിലെ പ്രധാന പ്രതിയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ തിരുവല്ലം സ്വദേശി ആട് സജിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ക്വട്ടേഷൻ നൽകിയ കീഴമ്മാകം കടുക്കറ വീട്ടിൽ അജിയെ (37) കുറിച്ച് വിവരം ലഭിച്ചു.
അജിയെ പിടികൂടിയതോടെയാണ്, സജുവിന്റെ അയൽവാസിയായ സിറ്റി എആർ ക്യാംപിലെ ഗ്രേഡ് എസ്ഐ ബൈജു, ചെങ്കൽ സ്വദേശിയായ അഭിഭാഷകൻ അഖിൽ സുകുമാരൻ എന്നിവരുടെ പങ്ക് പുറത്തായത്. എസ്ഐയും അഭിഭാഷകനും ഒളിവിലാണ്. അതിർത്തിത്തർക്കത്തിന്റെ പേരിൽ ഉൾപ്പെടെ സജുവും എസ്ഐ ബൈജുവും തമ്മിൽ പലപ്പോഴും ആക്രമണം നടന്നിരുന്നു. ഇതിന് ഇരുവരുടെയും പേരിൽ ഏതാനും കേസുണ്ട്. ഒരു കേസിൽ സജുവിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ആക്രമിക്കാൻ എസ്ഐ ബൈജു സുഹൃത്തു കൂടിയായ അജിക്കു ക്വട്ടേഷൻ നൽകുകയായിരുന്നു.
അജിയാണ് അഭിഭാഷകൻ വഴി ഗുണ്ടകളെ എർപ്പാടു ചെയ്തത്. ക്വട്ടേഷൻ തുകയുടെ ആദ്യപടിയായി 50,000 രൂപ അജി പ്രതികൾക്ക് കൈമാറി. ഇതിന്റെ തെളിവുകൾ പൊലീസ് കണ്ടെടുത്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പെരുമ്പഴുതൂർ കടവൻകോട് സ്വദേശികളായ സുജിത് (37), രവി (57) എന്നിവരെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ആകെ 4 പ്രതികൾ പിടിയിലായി. ഒളിവിലുള്ളവരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി പാറശാല എസ്എച്ച്ഒ എസ്.എസ്. സജി അറിയിച്ചു.