ടാറിങ് നടത്തിയിട്ട് മൂന്ന് മാസം തികഞ്ഞില്ല; മണ്ഡപത്തിൻകടവ് റോഡിൽ കുഴി
Mail This Article
കാട്ടാക്കട ∙ നാലു കോടിയോളം രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡിൽ കുഴി. നിർമാണത്തിലെ പിഴവാണ് പണികൾ പൂർത്തിയായി 3 മാസം തികയും മുൻപേ കുഴി വീഴാൻ കാരണം. ചൂണ്ടുപലക–മണ്ഡപത്തിൻകടവ് റോഡിൽ പ്ലാവൂർ തട്ടാൻവിളാകത്താണ് റോഡിൽ കുഴി രൂപപ്പെട്ടത്. ചെറിയ തോതിൽ രൂപപ്പെട്ട കുഴി അനുദിനം വലുതാകുന്നു.
റോഡിന്റെ വശത്ത് ബിഎസ്എൻഎൽ കേബിൾ ഇടാൻ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് റോഡിൽ ഉയർന്നിരിക്കുകയാണ് റോഡ് ടാറിങ് നടത്തിയവർ ഈ പൈപ്പിനു പുറത്തുകൂടി ടാർ ചെയ്തു. വാഹനങ്ങൾ ഓടി തുടങ്ങിയതോടെ കുഴി രൂപപ്പെട്ടു. കേബിൾ ഇടുന്നതിനു പണ്ട് സ്ഥാപിച്ച ഇരുമ്പ് പൈപ്പ് റോഡിനു മുകളിൽ കാണാമായിരുന്നു. പൈപ്പിനു പുറത്ത് കൂടി ടാർ ചെയ്തതാണ് ഇവിടെ കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബിഎസ്എൻഎൽ യുജി കേബിൾ ഇപ്പോൾ സ്ഥാപിക്കുന്നില്ല. ഉണ്ടായിരുന്നവ പോലും റോഡ് പണിയിൽ മുറിഞ്ഞു.
മുറിഞ്ഞ കേബിളുകൾ സ്ഥലത്ത് നിന്നു മാറ്റിയിട്ടും പഴയ ഇരുമ്പ് പൈപ്പ് മാറ്റി ടാറിങ് നടത്താൻ മരാമത്ത് അധികൃതർ മിനക്കെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.റോഡ് നവീകരണം പൂർത്തിയായെങ്കിലും പല സ്ഥലത്തും ഓടയില്ലാത്തതും, ഉണ്ടായിരുന്ന ഓടകളിലൂടെ മഴവെള്ളം ഒഴുകുമെന്ന് ഉറപ്പാക്കാത്തതും കാരണം റോഡിന്റെ പല സ്ഥലത്തും വെള്ളക്കെട്ടാണ്. ഇത് റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടും. ഇതിനിടെയാണ് റോഡിൽ കുഴി രൂപപ്പെടുന്നത്.