തരിശു പാടത്ത് നെൽക്കൃഷി വിജയിപ്പിച്ചു ജീവനക്കാർ
Mail This Article
വർക്കല∙ ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി ജീവനക്കാർ നടത്തിയ നെൽക്കൃഷി വിളവെടുപ്പ് ഉത്സവം നടന്നു. തരിശായ ഒരേക്കറിൽ ചെമ്മരുതി-പനയറ പാടശേഖരത്തിലാണ് വിവിധ കാര്യാലയങ്ങളിലെ ജീവനക്കാർ ജൈവ രീതി മാത്രം അവലംബിച്ചു നെൽക്കൃഷി ചെയ്തു നൂറുമേനി വിളയിച്ചത്.
കഴിഞ്ഞ ജൂലൈ അവസാനവാരമാണ് ഞാറ് നട്ടു നെൽക്കൃഷി ആരംഭിച്ചത്. സ്വകാര്യ വ്യക്തികളിൽ നിന്നു പാട്ടത്തിനെടുത്ത തരിശു പാടത്താണ് ഉടമകളുടെ സമ്മതപ്രകാരം 120 ദിവസം കൊണ്ട് വിളയുന്ന 'ഉമ' നെൽവിത്തെറിഞ്ഞ് കൃഷി ആരംഭിച്ചത്. കേരള അഗ്രികൾചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ, കേരള അഗ്രികൾചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ഭാരവാഹികളുടെ നേതൃത്വവും കൃഷി ഉദ്യോഗസ്ഥരുടെ മാർഗ നിർദേശങ്ങളും ഫലപ്രദമായി. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിങൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപഴ്സൻ എം.എസ്.സുഗൈദകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.സരിത, ടി. അജികുമാർ, ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ്, സെക്രട്ടറി സതീഷ് കണ്ടല, ട്രഷറർ സി.രാജീവ്, ജോയിന്റ് കൗൺസിൽ വർക്കല മേഖലാ പ്രസിഡന്റ് ടി.ജെ.കൃഷ്ണകുമാർ, സെക്രട്ടറി ശ്യാം രാജ് എന്നിവർ പങ്കെടുത്തു.