ADVERTISEMENT

തിരുവനന്തപുരം ∙ കരകുളത്ത് മേൽപ്പാല നിർമാണത്തിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും, വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന റോഡുകളിൽ കുരുക്ക് രൂക്ഷം. ഇടുങ്ങിയ ജം‌‌‌‌‌‌‌‌‌‌‌‌‌‌ക‌്ഷനുകളിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ടു കിടക്കുന്നത് സ്ഥിരം കാഴ്ചയായി. സ്ഥിരമായി സംസ്ഥാന പാത ഉപയോഗിച്ചിരുന്നവർക്ക് ഇപ്പോൾ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നതും ദുരിതമായി. അതേസമയം, ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.

വീഴ്ച 1– വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിന് മുൻപ് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഒരു വീഴ്ച. പൊതു മരാമത്ത് വകുപ്പും കരകുളം പഞ്ചായത്തുമാണ് ഇക്കാര്യത്തിൽ അലംഭാവം കാണിച്ചതെന്നാണ് ആരോപണം. റോ‍ഡുകൾ ഇടുങ്ങിയതും അവയുടെ ശോച്യാവസ്ഥയും കാരണം വാഹന യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. പേരൂർക്കട നിന്ന് നെടുമങ്ങാടേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരിക്കുന്ന കാച്ചാണി ജംൿഷനിലെ റോഡിന്റെ വീതിക്കുറവു കാരണം ഏറെ നേരം കാത്തു നിൽക്കേണ്ട അവസ്ഥയാണ്. വലിയ വാഹനങ്ങൾക്ക് പലപ്പോഴും ഇവിടെ തിരിയാൻ പ്രയാസമാണ്.ഒട്ടേറെ റോഡുകൾ സംഗമിക്കുന്ന നെട്ടയത്തം സമാന സാഹചര്യമാണ്. 

വീഴ്ച 2– കെഎസ്ആർടിസി ബസുകൾക്കും വലിയ വാഹനങ്ങൾ്ക്കും പ്രത്യേക റൂട്ട് നിശ്ചയിച്ചെങ്കിലും ആംബുലൻസുകൾക്ക് പോകാൻ എളുപ്പ പാത നിശ്ചയിക്കാത്തത് വീഴ്ചയായി. രാവിലെയും വൈകിട്ടും മറ്റു വാഹനങ്ങൾക്കിടയിൽ ആംബുലൻസുകൾ കുരുങ്ങിക്കിടക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

പാലോട്, വിതുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്നത് നെടുമങ്ങാട് ജില്ലാ ആശുപത്രിയെ ആണ്. ഇവിടെ നിന്ന് ഗുരുതര രോഗ ബാധിതരുമായി മെഡിക്കൽ കോളജിലേക്ക് പോകാൻ ആംബുലൻസുകൾക്ക് പ്രത്യേക റൂട്ട് നിശ്ചയിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

വീഴ്ച 3– സമാന്തര റൂട്ടുകൾ  നിശ്ചയിച്ചിട്ടുണ്ടെങ്കിലും ദൂരക്കൂടുതൽ കാരണം യാത്രക്കാർക്ക് മണിക്കൂറുകളോളം വാഹനങ്ങളിൽ ചെലവഴിക്കേണ്ടി വരുന്നു. ഒരു മണിക്കൂറിൽ എത്തിയിരുന്ന സ്ഥാനത്ത് രണ്ടു മണിക്കൂറിലേറെയാണ് ചെലവാകുന്നതെന്ന് യാത്രക്കാർ  പറയുന്നു. ദൂരം കുറഞ്ഞ റൂട്ടുകൾ സഞ്ചാര യോഗ്യമാക്കണമെന്നാണ് ആവശ്യം. 

വീഴ്ച 4– നിർമാണ സാമഗ്രികളും പഴയ വാഹനങ്ങളും മറ്റും റോ‍ഡ് വക്കിൽ സൂക്ഷിക്കുന്നത് തടയാൻ നടപടിയില്ല. അനധികൃത പാർക്കിങ് കാരണം രണ്ടു  വശത്തു നിന്നും വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ ഏറെ ബുദ്ധിമുട്ടാണ് ഇപ്പോൾ.

∙ മണ്ഡല കാലം തുടങ്ങിയ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ കൂടി എത്തുന്നതോടെ കുരുക്ക് കൂടാനാണ് സാധ്യത. തെങ്കാശി സംസ്ഥാന പാതയാണ് തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ ഏറെ ആശ്രയിക്കുന്നത്. 

English Summary:

Traffic congestion has increased in Thiruvananthapuram following the traffic control for Karakulam's flyover construction. With frequent traffic jams at key junctions and improper management of road repairs and vehicle routes, motorists face significant delays. A ministerial meeting aims to address these pressing issues, with particular attention to road conditions, ambulance routes, and illegal parking.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com