റേഷൻ ഡേറ്റയിൽ കേന്ദ്രത്തിന്റെ പിഴവ്; 222 കോടി നഷ്ടമായെന്നു കേരളം
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് റേഷൻ വിതരണത്തിന്റെ കണക്കുകളിൽ കേന്ദ്ര ഗവ. ഏജൻസിക്കുണ്ടായ പിഴവു മൂലം 221.52 കോടി രൂപ നഷ്ടപ്പെട്ടതായി കേരളം പരാതിപ്പെട്ടു. സംസ്ഥാനത്ത് എത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി സഞ്ജീവ് ചോപ്രയെ കേരളം രേഖാമൂലം പരാതി അറിയിച്ചു. കൂടിക്കാഴ്ചയിൽ മന്ത്രി ജി.ആർ.അനിലും ഇക്കാര്യം വിശദീകരിച്ചു. റേഷൻ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഹൈദരാബാദ് യൂണിറ്റിനു കേരളം നൽകിയ ഡേറ്റ അവിടെ ഉണ്ടായ സാങ്കേതികത്തകരാർ മൂലം പ്രശ്നത്തിലായെന്നാണ് കേരളത്തിന്റെ വാദം.
സാമൂഹിക പെൻഷൻ വാങ്ങാത്ത 65 വയസ്സ് കഴിഞ്ഞ ഗുണഭോക്താക്കളെ കണ്ടെത്തുക സംസ്ഥാനത്തു പ്രായോഗികമല്ലാത്തതിനാൽ അന്നപൂർണ പദ്ധതി കേരളത്തിന് യോജിച്ച രീതിയിൽ മാറ്റി നടപ്പാക്കാൻ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) എക്സിക്യൂട്ടീവ് ഡയറക്ടർ (സൗത്ത്) ജെസിന്ത ലസാറസ്, എഫ്സിഐ കേരള ജനറൽ മാനേജർ സി.പി.സഹാറൻ, സിവിൽ സപ്ലൈസ് കമ്മിഷണർ മുകുന്ദ് ഠാക്കൂർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
അരി ഏറ്റെടുക്കാൻ സാവകാശം തേടി
കർഷകരിൽ നിന്നു സംഭരിച്ച നെല്ല് കുത്തി അരിയാക്കിയത് മില്ലുകളിൽ നിന്ന് റേഷൻ വിതരണത്തിനായി ഏറ്റെടുക്കാൻ നവംബർ 30 വരെ സമയം നീട്ടി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സെക്രട്ടറി അറിയിച്ചു. 2017-18 മുതൽ 2023-24 വരെ നെല്ലുസംഭരണം, ഗതാഗതച്ചെലവ് എന്നിവയ്ക്കായി ലഭിക്കാനുള്ള 900 കോടി രൂപ ഉടൻ അനുവദിക്കണമെന്ന ആവശ്യവും പരിശോധിക്കും.
റേഷൻ വിതരണ കരാർ പുതുക്കാതെ സപ്ലൈകോ: പ്രതിസന്ധി ആസന്നം
തിരുവനന്തപുരം ∙ ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ‘വാതിൽപ്പടി’ വിതരണ കരാറുകളുടെ കാലാവധി തീരാറായിട്ടും പുതുക്കാതെ സപ്ലൈകോ. ഇത് വിതരണരംഗത്തു കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കരാർ പുതുക്കാൻ ഫെബ്രുവരിയിൽ ക്ഷണിച്ച ടെൻഡറിന്റെ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. ടെൻഡർ കാലാവധി തീരാൻ ദിവസങ്ങൾ മാത്രമാണു ബാക്കി. നിലവിലുള്ളതിനെക്കാൾ കുറഞ്ഞ നിരക്കാണ് എന്നതിനാൽ പുതിയ ടെൻഡർ സപ്ലൈകോയ്ക്ക് ലാഭകരമാണെന്നു പറയുന്നു. എന്നിട്ടും നടപടികൾ വൈകിക്കുന്നത് ചിലരെ സഹായിക്കാനാണെന്നാണ് ആക്ഷേപം. 2021ൽ നിലവിൽ വന്ന കരാറാണ് ഇപ്പോഴുള്ളത്. റേഷൻ കയറ്റിറക്ക് തൊഴിലാളികൾക്കു കൂലി നൽകുന്നത് ട്രാൻസ്പോർട്ടിങ് കരാറുകാരാണ്. പുതിയ ടെൻഡർ വരുമ്പോൾ കൂലി വർധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും നടപടികൾ നീട്ടിക്കൊണ്ടുപോകാൻ കാരണമായി പറയുന്നു.
ട്രാൻസ്പോർട്ടിങ് കരാറുകാർ നാലു മാസത്തെ ബിൽ കുടിശികയുടെ പേരിൽ സമരം തുടരുന്നതിനാൽ നവംബർ രണ്ടാം വാരത്തിലേക്കു കടന്നിട്ടും ഈ മാസത്തെ സ്റ്റോക്ക് റേഷൻ കടകളിൽ എത്തിയിട്ടില്ല. അതിനാൽ കാർഡ് ഉടമകൾക്ക് പൂർണ തോതിൽ റേഷൻ നൽകാൻ വ്യാപാരികൾക്കു കഴിയുന്നുമില്ല.