വരിക്കുമുക്ക് - ഇടവിളാകം- സിആർപിഎഫ് റോഡ് തകർച്ച; പരിഹാരമെന്ത്?
Mail This Article
പോത്തൻകോട് ∙ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ വരിക്കുമുക്ക് - ഇടവിളാകം- സിആർപിഎഫ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ജനകീയ കൂട്ടായ്മയുടെ പരാതി കേൾക്കാൻ വി.ശശി എംഎൽഎ സ്ഥലത്തെത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകവും വാർഡംഗം എസ്. കവിതയും ഒപ്പമുണ്ടായിരുന്നു. രണ്ടര വർഷമായി തുടരുന്ന യാത്രാ ദുരിതം കൂട്ടായ്മ പ്രതിനിധികൾ അറിയിച്ചു. കാൽനടയാത്രയ്ക്കു കൂടി കഴിയാത്ത റോഡിന്റെ സ്ഥിതി അറിയാൻ മൂന്ന് കിലോമീറ്ററോളം ദൂരം എംഎൽഎ യാത്രയും ചെയ്തു. അപകടക്കെണിയിൽ വീണ് ചികിൽസയിൽ ഇപ്പോഴും കഴിയുന്നവരുണ്ട്. ചീഫ് എൻജിനീയറെ നേരിൽ കണ്ട് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് എംഎൽഎ ഉറപ്പു നൽകിയെന്ന് പ്രതിനിധികൾ അറിയിച്ചു.
കരാറുകാരന്റെ അനാസ്ഥയാണ് നാട്ടുകാർക്ക് ഇരുട്ടടിയായത്. ഉണ്ടായിരുന്ന റോഡ് പൊളിച്ചുമാറ്റി മെറ്റലുമിട്ട് പോയ കരാറുകാരൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. വർഷം രണ്ടു കഴിഞ്ഞിട്ടും പണി ആർക്കും വിട്ടുകൊടുത്തതുമില്ല. പദ്ധതി കൊണ്ടു വന്നവരടക്കം കൈയൊഴിഞ്ഞപ്പോഴാണ് മൂന്നുവാർഡുകളിലെ ജനങ്ങൾ ചേർന്ന് ജനകീയ കൂട്ടായ്മയുണ്ടാക്കി പ്രതിഷേധ സമരങ്ങൾ തുടങ്ങിയത്. കരാറുകാരനെ ഈ റോഡിന്റെ നിമാണ ചുമതലയിൽ നിന്നു മാറ്റാൻ നടപടികൾ തുടങ്ങിയതായി ചീഫ് എൻജിനീയർ അറിയിച്ചതായും നാട്ടുകാർ പറഞ്ഞു.