എല്ലാ മീൻപിടിത്ത ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Mail This Article
വിഴിഞ്ഞം ∙ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി രാജ്യത്തെ എല്ലാ മീൻപിടിത്ത ബോട്ടുകളിലും ട്രാൻസ്‌പോണ്ടറുകൾ സ്ഥാപിക്കുമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആദ്യഘട്ടമായി ഒരു ലക്ഷം ട്രാൻസ്‌പോണ്ടറുകളും മറ്റുള്ളവ തവണകളായും സ്ഥാപിക്കും. ‘പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതി’ വഴി തീരക്കടലിൽ സ്ഥാപിച്ച കൃത്രിമ പാരുകളിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ‘സീ റാഞ്ചിങ് പദ്ധതി’ വിഴിഞ്ഞം കടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോർജ് കുര്യൻ. ഐഎസ്ആർഒയുമായി സഹകരിച്ചാകും ട്രാൻസ്പോണ്ടർ പദ്ധതി. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ട്രാൻസ്പോണ്ടർ വഴി കുടുംബവുമായി ബന്ധപ്പെടാനും, സന്ദേശങ്ങൾ അയയ്ക്കാനുമാകും. അപകടം നേരിട്ടാൽ പെട്ടെന്നു വിവരമറിയിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും.
മികച്ച മത്സ്യവിളവെടുപ്പിനാണ് കടലിൽ വിത്തു വിതച്ചുള്ള സീ റാഞ്ചിങ്. മത്സ്യ ഗ്രാമ വികസന പദ്ധതിയുൾപ്പെടെ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് കേന്ദ്രം ഈ മേഖലയ്ക്കായി വികസന പദ്ധതികൾ നടപ്പാക്കും. കേന്ദ്രസർക്കാരിന്റെ 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 40 ശതമാനവും വിനിയോഗിച്ചാണ് പദ്ധതികളുടെ നടത്തിപ്പ്. അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണം, കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ഇൻഷുറൻസ് ആനുകൂല്യം, തൊഴിൽദിനങ്ങളുടെ നഷ്ട പരിഹാരം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അനുകൂല നടപടികൾ വേണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
വിത്തു വിതയ്ക്കാനായി മന്ത്രിമാരുൾപ്പെട്ട സംഘം ചെറുകപ്പലിൽ കടലിലേക്കു പോയി. കോസ്റ്റ് ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പലിൽ ഒന്നര നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ചാണു പാരുകളിൽ 20,000 മത്സ്യവിത്തുകൾ വിതച്ചത്. ചെറു ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളി സംഘം പ്രത്യേക കൂടുകളിൽനിന്നു മത്സ്യക്കുഞ്ഞു വിത്തുകളെ കടലിലേക്ക് വിതറിയപ്പോൾ മന്ത്രിമാരുൾപ്പെട്ട സംഘം കൊടികൾ വീശി ചടങ്ങ് മോടിയാക്കി. ഫിഷറീസ് ഡയറക്ടർ ബി.അബ്ദുൽ നാസർ, അഡിഷനൽ ഡയറക്ടർ സ്മിത ആർ.നായർ, കൗൺസിലർ നിസാമുദീൻ, വിഴിഞ്ഞം ഇടവക വികാരി മോൺ.ഡോ.ടി.നിക്കോളാസ്, തെക്കുംഭാഗം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി, സിപിഎം ഏരിയ കമ്മിറ്റിയംഗം യു.സുധീർ,ബിജെപി മണ്ഡലം പ്രസിഡന്റ് ജെ.രാജ്മോഹൻ,മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എച്ച്.എ.റഹ്മാൻ എന്നിവർ പങ്കെടുത്തു.