കേരളത്തിൽ ആദ്യത്തെ പൈതൃക കോൺഗ്രസ് സംഘടിപ്പിക്കുന്നു
Mail This Article
തിരുവനന്തപുരം∙ പൈതൃക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യത്തെ പൈതൃക കോൺഗ്രസ് സംഘടിപ്പിക്കുന്നു. അക്കാദമിക് രംഗത്തും അല്ലാതെയും പ്രവർത്തിക്കുന്ന വ്യക്‌തികളെയും പ്രസ്ഥാനങ്ങളെയും ഒരു പൊതുവേദിയിൽ അണി നിരത്തുകയെന്ന ലക്ഷ്യം മുൻനിർത്തി തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആദ്യത്തെ പൈതൃക കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് ചരിത്രകാരനും സ്വാഗത സംഘം ചെയർമാനുമായ ഡോ. എം.ജി. ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.വി.പ്രേംകുമാർ എന്നിവർ അറിയിച്ചു.
ജനുവരി 18,19 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയ്ക്കു സമീപം തഞ്ചാവൂർ അമ്മ വീട്ടിൽ മന്ത്രി ജി.ആർ.അനിൽ പരിപാടി ഉദ്ഘാടനം ചെയ്യും. 19ന് സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായി പൈതൃക വിഷയങ്ങൾ ഉൾപ്പെടുത്തിയ മത്സരങ്ങൾ നടത്തും. പൈതൃക കോൺഗ്രസിന്റെ ഭാഗമായി പൈത്യകകേന്ദ്രങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യണം, നേരിടുന്ന പ്രതിസന്ധികൾ, പ്രശ്‌നങ്ങൾ, ബുദ്ധിമുട്ടികൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള സംവാദങ്ങളും ചർച്ചകളും നടത്തും.
തീരദേശമേഖലയിലെ പൈതൃക സംരക്ഷണങ്ങളായി പ്രവർത്തിക്കുന്ന റോബർട്ട് പനിപ്പിളയും പൈത്യക കോൺഗ്രസിന്റെ ഭാഗമാകും. ജില്ലയിലെയും സംസ്ഥാനത്തെയും പൈത്യക കേന്ദ്രങ്ങൾ സംരക്ഷിക്കാനായി ശക്‌തമായ നടപടി വേണമെന്ന് ഭാരവാഹികളായ ഡോ.പ്രേംകുമാർ, വിനോദ് സെൻ ഗീതാമധു, അംബികാ അമ്മ, ഗിഫ്റ്റി എൽസാ വർഗീസ്, സംഗീത് കോയിക്കൽ, ജീൻപോൾ, ശംഭു മോഹൻ, ശാന്തമുരളീധരൻ, എം.എസ്. ഭുവനചന്ദ്രൻ, ഡോ. രാജശേഖരൻ നായർ എന്നിവർ ആവശ്യപ്പെട്ടു. പൈതൃക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർക്കും പൈത്യക കോൺഗ്രസിന്റെ ഭാഗമാകാമെന്നും ഭാരവാഹികൾ അറിയിച്ചു.
പൈതൃക നടത്തം 16ന്
സംസ്ഥാനത്തെ ആദ്യ ഹെറിറ്റേജ് കോൺഗ്രസിന് മുന്നോടിയായി പുത്തൻ തെരുവിലൂടെ പൈതൃക നടത്തം സംഘടിപ്പിക്കും. 16 ശനിയാഴ്ച വൈകിട്ട് 4.30ന് ആരംഭിക്കും. പൈതൃക നടത്തത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സംഗീതം, വേദം, പാചകം, നാട്ടറിവുകൾ, പൈതൃക നിർമിതികൾ എന്നിവയുടെ പേരിൽ പ്രസിദ്ധമായ പുത്തൻ തെരുവ് പണ്ട് രാമവർമപുരം ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമത്തിലെ പൈതൃകങ്ങളും കേന്ദ്രങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് പൈതൃക നടത്തത്തിലൂടെ ലക്ഷ്യമിടുന്നത്.