അഭിപ്രായവ്യത്യാസമെന്ന് ശശീന്ദ്രൻ; താൻ നോട്ടപ്പുള്ളിയെന്ന് തോമസ്
Mail This Article
തിരുവനന്തപുരം ∙തോമസ് കെ.തോമസുമായി അഭിപ്രായ വ്യത്യാസമല്ല, വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താനിപ്പോൾ നോട്ടപ്പുള്ളിയാണെന്നും പാർട്ടി ഉണ്ടെങ്കിലേ തോമസും ശശീന്ദ്രനും ഉള്ളൂവെന്നും തോമസ് കെ.തോമസിന്റെ മറുപടി. എല്ലാവർക്കും എല്ലാക്കാലത്തും ഒരേ സ്ഥാനത്തിരിക്കാൻ പറ്റില്ലെന്നും തോമസ് കൂട്ടിച്ചേർത്തു. കൂറുമാറ്റ കോഴ ആരോപണത്തിനു ശേഷം ശശീന്ദ്രനും തോമസും ആദ്യമായി ഒരുമിച്ച എൻസിപി ജില്ലാ പ്രവർത്തക സമ്മേളന വേദിയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
എല്ലാ പാർട്ടികളിലും അഭിപ്രായ വ്യത്യാസമുണ്ടാകാറുണ്ടെന്നും മാധ്യമങ്ങൾക്ക് അതാണ് ഇഷ്ടമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ‘ ചർച്ചകളിലൂടെ അതു പരിഹരിക്കും. അത്തരമൊരു ജനാധിപത്യ പാർട്ടിയാണ് എൻസിപി. തൊട്ടാൽ പൊട്ടുന്ന കാലമാണ്. ചർച്ച ചെയ്യേണ്ടിടത്ത് ചർച്ച ചെയ്യും. 2016ൽ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ മുതൽ എതിർക്കാൻ ശത്രുക്കൾ ഒരുമിച്ചു. വ്യാജ ആരോപണങ്ങളിലൂടെ സർക്കാരിനെ ദുർബലപ്പെടുത്താനാണ് ശ്രമം’– ശശീന്ദ്രൻ പറഞ്ഞു.
ഊഹാപോഹങ്ങൾക്കു പ്രസക്തിയില്ലെന്നും ഇതൊക്കെ ഓരോരുത്തർ പറഞ്ഞു പരത്തുന്നതാണെന്നും തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് കെ.തോമസ് എംഎൽഎ പറഞ്ഞു. പാർട്ടിയാണ് മുഖ്യം. അങ്ങോട്ട് ചാട്ടവും ഇങ്ങോട്ട് ചാട്ടവും പണ്ടേ നിർത്തിയതാണ്. ആരു വിളിച്ചാലും ഫോണെടുക്കും. എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചു വിളിക്കും. ശരദ് പവാറാണ് പാർട്ടിയുടെ പവർ എന്നും തോമസ് പറഞ്ഞു.ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി അധ്യക്ഷനായിരുന്നു. നെഹ്റു സിംപോസിയം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വർക്കല രവികുമാർ, പി.വി.രവീന്ദ്രൻ, ലതികാ സുഭാഷ്, കെ.ഷാജി, ഇടക്കുന്നിൽ മുരളി, പാറശാല വിജയൻ, സിന്ധു രവീന്ദ്രൻ, ആറാലുംമൂട് മുരളീധരൻ നായർ, കെ.പി.സുന്ദരം, മാത്യു എന്നിവർ പ്രസംഗിച്ചു.