ആരൊക്കെയാണ് ആ 31 ഉദ്യോഗസ്ഥര്‍?; പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവ്
Mail This Article
തിരുവനന്തപുരം∙ ചീഫ് എന്‍ജിനീയറായി വിരമിച്ചയാളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച വിഷയത്തില്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി സംസ്ഥാന വിവരാവകാശ കമ്മിഷന്‍. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ആയി വിരമിച്ച കോട്ടയം നീണ്ടൂര്‍ മാളിയേക്കല്‍ ജയിംസ് ജോര്‍ജ് നല്‍കിയ വിവരാവകാശ അപ്പീലിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. സോണിച്ചന്‍ പി.ജോസഫിന്റെ ഉത്തരവ്.
കോട്ടയത്തെ ഒരു സ്ഥാപനത്തിന് 21 ലക്ഷം രൂപയുടെ അധികബില്‍ നല്‍കിയതുമായി ബന്ധപ്പെട്ട് നടന്ന വിജിലന്‍സ് അന്വേഷണത്തില്‍, 2008 മുതല്‍ 2018 വരെ ജോലി ചെയ്ത 31 ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയത്തില്‍ ഉത്തരവാദിത്തമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കോട്ടയത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ജയിംസ് ജോര്‍ജിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞത്. വിഷയത്തില്‍ ഉള്‍പ്പെട്ട 31 പേര്‍ ആരൊക്കെയാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു.
ആര്‍ക്കും കുറ്റാരോപണ മെമ്മോ നല്‍കാത്തത്തിനാല്‍ വിവരങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കെഎസ്ഇബിക്കു വേണ്ടി ഹാജരായ വിവരാവകാശ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. എന്നാല്‍ 31 ഉദ്യോഗസ്ഥരെ സംബന്ധിച്ച് പരാതിക്കാരന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. ചോദിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന കെഎസ്ഇബിയിലെ സ്‌റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടിക്കും കമ്മിഷന്‍ ഉത്തരവിട്ടു.