ADVERTISEMENT

തിരുവനന്തപുരം ∙കരകുളം മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചു വിട്ടിരിക്കുന്ന റൂട്ടുകളിൽ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡൻമാരെ നിയോഗിക്കാൻ തീരുമാനം. തിരക്കുള്ള സമയങ്ങളിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. ഗതാഗത പരിഷ്കാരം സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഹരീഷിനെ ചുമതലപ്പെടുത്തി. 

മറ്റു തീരുമാനങ്ങൾ: 
∙ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന റൂട്ടുകൾ സംബന്ധിച്ച് പ്രധാന സ്ഥലങ്ങളിൽ ദിശാ ബോർഡുകൾ സ്ഥാപിക്കും.
∙ പൊതുമരാമത്ത് റോഡുകളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റും.
∙ പേരൂർക്കട-വഴയില-കരകുളം- കാച്ചാണി വഴി എട്ടാം കല്ലിലേക്ക് കെഎസ്ആർടിസി നടത്തിയിരുന്ന ചെയിൻ സർവീസ്    തിങ്കളാഴ്ച മുതൽ പേരൂർക്കട- കാച്ചാണി വരെയായി നിജപ്പെടുത്തും.
∙ കരകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ സൗകര്യാർഥം സ്‌കൂൾ സമയങ്ങളിൽ കെഎസ്ആർടിസി സർവീസ് നടത്തും. 
∙ എട്ടാംകല്ല് മുതൽ പാലം ജംക്‌ഷൻ വരെയുള്ള ഭാഗത്തെ റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് പോകുന്നതിനുള്ള സൗകര്യം ഒരുക്കും. 
തിരുവനന്തപുരം– തെങ്കാശി സംസ്ഥാന പാതയിൽ വഴയില– പഴകുറ്റി നാലുവരി പാത വികസനത്തിന്റെ ഭാഗമായാണ് കരകുളത്ത് മേൽപാലം നിർമിക്കുന്നത്. ഇതിനായി കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. ആദ്യ ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ലെങ്കിലും പിന്നീട് റോഡുകളിൽ കുരുക്ക് രൂക്ഷമായി.പ്രദേശവാസികളിൽ നിന്നുൾപ്പെടെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഗതാഗത പരിഷ്കരണത്തിനായി മന്ത്രി യോഗം വിളിച്ചത്. കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാ റാണി, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ, അഡിഷനൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോൺ, നെടുമങ്ങാട് ആർഡിഒ കെ.പി.ജയകുമാർ, കരകുളം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

ഗതാഗത പരിഷ്കരണം കാരണമുള്ള യാത്രാക്ലേശത്തിന് തിങ്കളാഴ്ചയോടെ പരിഹാരം കാണും. യാത്രക്കാരുടെ ആവശ്യപ്രകാരം കെഎസ്ആർടിസി ബസ് സർവീസ് പുനഃക്രമീകരിക്കും. രാവിലെ റെയിൽവേ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് സൗകര്യമൊരുക്കും. ഹെവി വാഹനങ്ങൾ തിരക്കേറിയ സമയത്ത് സർവീസ് നടത്താതിരിക്കാൻ ഉടമകളുമായി ചർച്ച നടത്താൻ ആർഡിഒയെ ചുമതലപ്പെടുത്തി. മന്ത്രി ജി.ആർ.അനിൽ 

English Summary:

To alleviate traffic congestion caused by the Karamkulam overbridge construction, Thiruvananthapuram will deploy traffic wardens and implement revised traffic regulations. These measures include restricting heavy vehicles during peak hours, adjusting KSRTC bus routes, and installing direction boards. Minister G.R. Anil assures solutions by Monday, prioritizing passenger convenience and addressing resident concerns.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com