പൂവാറിൽ ബോട്ടിങ്ങിന് പൊള്ളുന്ന നിരക്ക് ; വാഹന ഡ്രൈവർമാർക്ക് 60% വരെ കമ്മിഷൻ
Mail This Article
പാറശാല ∙ വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ പൂവാറിൽ ബോട്ടിങ്ങിനു ഇൗടാക്കുന്നത് അമിതനിരക്ക്. 8 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിന്റെ ഒന്നര മണിക്കൂർ വാടക നാലായിരം മുതൽ പതിനായിരം രൂപ വരെ. ബോട്ടുകാർ വാങ്ങുന്ന തുകയുടെ അറുപത് ശതമാനം വരെ സഞ്ചാരികളെ ബോട്ടിങ്ങിനു എത്തിക്കുന്ന വാഹന ഡ്രൈവർമാർക്കുള്ള കമ്മിഷനാണ്. 15 പേരെ എത്തിക്കുന്ന ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് ഒരു ട്രിപ്പിൽ മാത്രം അയ്യായിരം രൂപയ്ക്കു മുകളിൽ കമ്മിഷൻ ലഭിക്കും. ക്ലബ് വാടകയ്ക്കു എടുക്കുന്ന ബോട്ടുകൾ മണിക്കൂറിനു 800 രൂപ നൽകുമ്പോഴാണ് യാത്രക്കാരിൽ നിന്ന് പകൽക്കൊള്ള നടത്തുന്നത്.
350 ഒാളം ബോട്ടുകൾ സർവീസ് നടത്തുന്ന നെയ്യാറിൽ യാത്രാ നിരക്ക്, യാത്രക്കാരുടെ സുരക്ഷ അടക്കം അടിസ്ഥാന വിഷയങ്ങൾ നിയന്ത്രിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ്, ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവർക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ്. എത്ര ബോട്ട് ക്ലബ്ബുകൾ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട് എന്നത് സംബന്ധിച്ച് ആധികാരികമായ ഒരു വിവരവും ബന്ധപ്പെട്ട വകുപ്പുകളുടെയും പക്കൽ ഇല്ല.
2 വർഷം മുൻപ് മലപ്പുറം താനൂരിലെ ബോട്ട് അപകടത്തെ തുടർന്ന് പൂവാറിൽ സഞ്ചാരികളുമായി ഒാടുന്ന ജലയാനങ്ങൾക്കു വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഒന്നും നടപ്പായില്ല. ഏതാനും ബോട്ടുകൾക്ക് പെർമിറ്റ്, ഡ്രൈവർമാർക്ക് ലൈസൻസ് എന്നിവ ഇല്ലെന്നും പരാതികളുണ്ട്. വിദേശികൾ, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ എന്നിവരാണ് ബോട്ടുകാരുടെ ചൂഷണത്തിനു ഇരയാകുന്നതിൽ അധികവും.
അമിത നിരക്ക് തടയാൻ പൂവാർ പൊലീസിന്റെ നേതൃത്വത്തിൽ കൗണ്ടർ സ്ഥാപിച്ച് നിരക്ക് ഏകീകരണം അടക്കം സംവിധാനങ്ങൾ അടുത്തകാലത്ത് ആരംഭിച്ചെങ്കിലും ഒരു വിഭാഗം ബോട്ട് ഉടമകൾ സഹകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കൗണ്ടർ സംവിധാനം എത്തിയാൽ സീനിയോറിറ്റി ക്രമത്തിൽ സർവീസ് നടത്താൻ കഴിയും. രണ്ടു വർഷം മുൻപ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഡിടിപിസിയുടെ നേതൃത്വത്തിൽ പൂവാറിലെ ബോട്ടിങ് നടത്തിപ്പിനു കമ്മിറ്റി രൂപീകരണത്തിനു നീക്കം ആരംഭിച്ചെങ്കിലും ഭരണപക്ഷ ട്രേഡ് യൂണിയനിലെ ഒരു വിഭാഗം വിയോജിച്ചതോടെ പദ്ധതി തുടക്കത്തിലെ പാളി.
29 ബോട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്ന പൂവാറിൽ നിയന്ത്രണ സംവിധാനം ഇല്ലാത്തതാണ് നിരക്ക് ഏകീകരണം, സുരക്ഷ അടക്കം വിഷയങ്ങൾക്കു പരിഹാരം കാണാൻ കഴിയാത്തത്. പഞ്ചായത്ത്, പൊലീസ്, റവന്യു വകുപ്പുകൾ, ബോട്ട് ക്ലബ് ഉടമകൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് നിയന്ത്രണ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിലാണ് ബോട്ടിങ് മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും നാട്ടുകാരും.