നഗരസഭയുടെ രണ്ടാമത്തെ ക്രിമറ്റോറിയം കഴക്കൂട്ടത്ത് നിർമാണം പൂർത്തിയാക്കി
Mail This Article
കഴക്കൂട്ടം∙ ശാന്തി കവാടത്തിന്റെ മാതൃകയിൽ നാലു വർഷം മുൻപ് കഴക്കൂട്ടത്ത് നിർമാണം ആരംഭിച്ച നഗരസഭയുടെ രണ്ടാമത്തെ ക്രിമറ്റോറിയം പണി പൂർത്തിയായി. ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. 2019 ൽ വി.കെ. പ്രശാന്ത് മേയർ ആയിരിക്കുമ്പോഴാണ് രണ്ടു കോടിയോളം രൂപ ചെലവ് വരുന്ന ശാന്തി തീരം എന്നു പേരു നൽകിയ ക്രിമറ്റോറിയത്തിന്റെ നിർമാണം നഗരസഭ ആരംഭിച്ചത്. വൈദ്യുത ക്രിമറ്റോറിയം നിർമിക്കാനാണ് ലക്ഷ്യം ഇട്ടതെങ്കിലും റെയിൽവേ അനുമതി നൽകാത്തതിനാൽ ഗ്യാസ് ക്രിമറ്റോറിയമാണ് നിർമിച്ചിട്ടുള്ളത്. രണ്ടു വർഷം മുൻപ് പ്രധാന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും ഗ്യാസ് അടുപ്പും മറ്റും സ്ഥാപിച്ചിരുന്നില്ല. നഗരസഭയിലെ 12 ലേറെ വാർഡുകൾക്കും സമീപ പഞ്ചായത്തുകൾക്കും ഗുണകരമാകേണ്ട പദ്ധതിയാണ് ഏറെ കാലമായി ഇഴഞ്ഞു നീങ്ങിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിച്ചുളള ഗ്യാസ് ക്രമറ്റോറിയമാണ് നിർമിച്ചിട്ടുള്ളത്. മൃതദേഹം സംസ്‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിലൂടെ കടത്തിവിട്ടു ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും അതിനാൽ ദുർഗന്ധം സമീപത്തെ വീടുകളെ ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഉദ്യാനത്തിന്റെയും പാർക്കിങ് ഗ്രൗണ്ടിന്റെ ജോലിയും പുരോഗമിക്കുകയാണ്. ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമാണം ഏറ്റെടുത്തിരുന്ന കരാറുകാരൻ മരിച്ചതാണ് ശാന്തി തീരത്തിന്റെ നിർമാണം പൂർത്തിയാകാൻ വൈകിയതെന്നാണ് നഗരസഭ അധികൃതരുടെ പറഞ്ഞത്. ക്രിമറ്റോറിയത്തിൽ ഗ്യാസ് പ്ലാന്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. ഈ മാസം അവസാനം ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്യാൻ സാധിക്കും എന്നാണ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അറിയിച്ചത്.