ADVERTISEMENT

പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് എനിക്കെല്ലാമായിരുന്നു. പിതൃതുല്യം സ്നേഹം ചൊരിഞ്ഞ ഗുരു. എന്നെ ഞാനാക്കി മാറ്റിയ വിശിഷ്ടവ്യക്തി. അറുപതുകളിൽ ഞാൻ എല്ലാറ്റിനോടും വെറുപ്പു പിടിച്ചു നടക്കുന്ന ധിക്കാരിയായ യുവാവായിരുന്നു. എന്നിലെ ഗായകനെ കണ്ടെടുത്തു പാട്ടു പഠിക്കാൻ പൂഞ്ഞാറിൽ ഭവാനിത്തമ്പുരാട്ടിയെ ഏൽപിച്ച് എല്ലാ സൗകര്യവും നൽകി കൂടെത്താമസിപ്പിച്ചു വളർത്തിയ മഹാൻ. തന്റെ മൂന്നു മക്കൾക്കു ജ്യേഷ്ഠനായി എന്നെക്കണ്ട പിതാവ്. അതിശയോക്തി ഇല്ലാതെത്തന്നെ ഇതു പറയാം. മുൻമുഖ്യമന്ത്രി കെ.കരുണാകരൻ, മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധി, ചന്ദ്രസ്വാമി, മുൻപ്രധാനമന്ത്രി നരസിംഹറാവു, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ തുടങ്ങിയവർ ജ്യോതിഷം നോക്കിയത് അദ്ദേഹത്തിനടുത്തായിരുന്നു. ബാലമുരളീകൃഷ്ണ, ശെമ്മാങ്കുടി തുടങ്ങി സംഗീതരംഗത്തെ മിക്ക പ്രതിഭകളും മിത്രൻ നമ്പൂതിരിയെ സമീപിച്ചിട്ടുണ്ട്. 

മൂകാംബികാഭക്തൻ എന്നു പറഞ്ഞാൽ പോരാ, ഉപാസകൻ. അവിടെ അമ്മ പറഞ്ഞാലേ തിരിച്ചുവരൂ. 96–ാം വയസ്സിലും ഊർജസ്വലനായിരുന്നു. വളരെ പാരമ്പര്യമുള്ള ക്ലാസിക്കൽ നർത്തകൻ, മൃദംഗവിദഗ്ധൻ എന്നീ നിലകളിലും തിളങ്ങി. ഭവാനിത്തമ്പുരാട്ടിയുടെ കച്ചേരികൾക്ക് അദ്ദേഹം തന്നെയാണു മൃദംഗം വായിച്ചത്. മകൾ രഞ്ജിനി വർമയെ ഒന്നാംതരം പാട്ടുകാരിയാക്കി മാറ്റിയതു പിതാവും മാതാവും തന്നെയാണ്. മകൾ മഞ്ജുള കഥകളിയിലും നൃത്തത്തിലും ഗാനരംഗത്തും പ്രതിഭയാണ്. സിനിമാരംഗത്ത് പി.ഭാസ്കരൻ ശിഷ്യതുല്യനായിരുന്നു. ശ്രീകുമാരൻ തമ്പി, ജനാർദനൻ, സേതുമാധവൻ തുടങ്ങി പലരെയും ഞാൻ ആദ്യമായി കാണുന്നതു മിത്രൻ നമ്പൂതിരിപ്പാടിന്റെ കൂടെയാണ്. 

സേതുമാധവന്റെ അനുജൻ പ്രൊഡ്യൂസർ കെ.എസ്.ആർ.മൂർത്തി ‘പണി തീരാത്ത വീട്’ തുടങ്ങി അഞ്ചിലധികം ചിത്രങ്ങളുടെ സാങ്കേതിക വിദഗ്ധരെ കവടി നിരത്തി കണ്ടെത്തിയത് നമ്പൂതിരിപ്പാടിന്റെ അടുത്തായിരുന്നു.അടുത്ത കാലം വരെ മൂകാംബികയിൽ പോയി മടങ്ങുമ്പോൾ കോഴിക്കോട്ട് ഇറങ്ങി എന്റെ വീട്ടിൽ താമസിച്ചിട്ടാണു തിരുവനന്തപുരത്തേക്കോ പൂഞ്ഞാറിലേക്കോ പോയിരുന്നത്. തപഃഫലം എനിക്കു കിട്ടാനായിരുന്നു ഇത് എന്നാണ് അദ്ദേഹം പറയാറുള്ളത്. മിത്രൻ നമ്പൂതിരിപ്പാട് അഷ്ടഗൃഹത്തിൽ ആഢ്യൻ എന്നാണറിയപ്പെട്ടത്. ഇഎംഎസ് വളരെ അടുത്ത ബന്ധുവായിരുന്നു; ആഴ്‌വാഞ്ചേരി തമ്പ്രാക്കളും. തരംഗിണിയുടെയും ദാസേട്ടന്റെയും സ്ഥിരം ജ്യോതിഷിയായിരുന്നു. കെ.കരുണാകരന്റെ വീട്ടിൽ ഞാൻ അദ്ദേഹത്തിന്റെ കൂടെ പൂജയ്ക്കു പോകാറുണ്ടായിരുന്നു. എന്റെ വളർച്ച വളരെ ആസ്വദിച്ച് രസിക്കാറുണ്ടായിരുന്നു അദ്ദേഹം. എന്റെ ഗാനങ്ങളും കച്ചേരികളും സിനിമാസംഗീതവുമെല്ലാം ആസ്വദിക്കാറുണ്ടായിരുന്നു. ഒരാഴ്ച മുൻപു പോലും ഞാൻ തിരുവനന്തപുരത്തെ വീട്ടിൽ ചെന്നുകണ്ടു നമസ്കരിച്ചു. കേരളം കണ്ട മഹാനുഭാവനു സ്നേഹാദരങ്ങൾ. 

പതിറ്റാണ്ടുകളുടെ ആത്മബന്ധം :ഡോ.കെ. ഓമനക്കുട്ടി

ഇളയ മകൾ രഞ്ജിനി വർമയെ സംഗീതം ആഭ്യസിപ്പിക്കാൻ തുടങ്ങിയതു മുതലാണ് മിത്രൻ നമ്പൂതിരിപ്പാടുമായി എനിക്കു പരിചയം. കുടുംബ സുഹൃത്തായി മാറി നാലു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം.എംഎ പരീക്ഷയ്ക്ക് ര‍ഞ്ജിനിക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. ഈ സമയം എന്നെ അദ്ദേഹം വീട്ടിലേക്ക് വിളിപ്പിച്ചു. കൈവശം ഉണ്ടായിരുന്ന വജ്ര മാല ര‍ഞ്ജിനിയുടെ കൈവശം ഏൽപിച്ചിട്ട് എനിക്ക് നൽകാൻ പറഞ്ഞു. 

 ആ കാലത്ത് അത്ര വിലപിടിപ്പുള്ളതായിട്ടും ഒരു സങ്കോചവും കൂടാതെ ആ മാല ഗുരു ദക്ഷിണയായി നൽകാൻ കാട്ടിയ ആ മനസ്സാണ് അദ്ദേഹത്തിന്റെ സ്വഭാവവും. ഒന്നും സ്വരുക്കൂട്ടി വയ്ക്കുന്ന ശീലം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ അലട്ടിയപ്പോഴും വേദങ്ങളെ സംബന്ധിച്ച സംശയങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകി.ചെറു മകൻ ഹരിശങ്കറിന് ആദ്യാക്ഷരം കുറിച്ചത് മിത്രൻ നമ്പൂതിരിപ്പാടാണ്. ആ പുണ്യമായിരിക്കാം ഹരിശങ്കറിന്റെ പാട്ടുകൾക്കും ലഭിക്കുന്നതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

English Summary:

This article pays tribute to the late Poonjar Mithran Namboothirippad, a revered figure in Kerala known for his astrological expertise and contributions to music. Through personal anecdotes from Kaithapram Damodaran Namboothiri and Dr. K. Omanakutty, we gain insight into his profound influence and lasting legacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com