പണമില്ല; കോട്ടുകാൽ സിവിൽ സ്റ്റേഷൻ നിർമാണം ഇഴയുന്നു
Mail This Article
വിഴിഞ്ഞം∙പണമില്ലാത്ത പ്രശ്നത്തിൽ കുരുങ്ങി കോട്ടുകാൽ സിവിൽ സ്റ്റേഷൻ മന്ദിര നിർമാണം ഒരു വ്യാഴവട്ടക്കാലമായി ഇഴയുന്നു. ഈ അടുത്ത കാലത്ത് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ അൻപതു ലക്ഷത്തോളം രൂപ മുടക്കി നിർമാണം പുനരാരംഭിച്ചുവെങ്കിലും പണം തീർന്നതോടെ നിർമാണം നിലച്ചു മന്ദിര സമുച്ചയത്തെ വീണ്ടും കുറ്റിക്കാടു മൂടി. 2010 ലെ പഞ്ചായത്തു സമിതിയാണ് മന്ദിര പദ്ധതിക്കു തുടക്കമിട്ടത്.
2012 കാലത്ത് നിർമാണം ആരംഭിച്ചു. പഞ്ചായത്തിനു കീഴിലെ സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരുക എന്ന ഉദ്ദേശത്തിലാണ് 30 ലേറെ സെന്റു ഭൂമിയിൽ ഏതാണ്ട് മൂന്നു നില കെട്ടിട ഉയരത്തിലുള്ള മന്ദിര സമുച്ചയ നിർമാണ തുടക്കം. ലോക ബാങ്ക് ധനസഹായത്തോടെ തുടങ്ങിയ നിർമാണത്തിനു ആദ്യ ഘട്ടത്തിൽ അതിവേഗമായിരുന്നുവെന്നു പൊതു പ്രവർത്തകരും നാട്ടുകാരും ഓർക്കുന്നു.
2015വരെ നിർമാണം തടസ്സമില്ലാതെ തുടർന്നു. ഇതിനിടെ കരാറുകാരനും എൻജി. ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ മൂന്നു വർഷത്തോളം പണി തടസ്സപ്പെട്ടു. പിന്നാലെ കൊറോണ ബാധ കൂടി വന്നതോടെ ഈ പദ്ധതി പൂർണമായി നിലച്ചു. പദ്ധതി പ്രദേശവും മന്ദിരവും കുറ്റിക്കാടിനുള്ളിലായി. തർക്കങ്ങൾക്കു വിരമാമായതോടെ പിന്നീടു വന്ന പഞ്ചായത്തു സമിതി കഴിയുന്ന തുക വകയിരുത്തിയെങ്കിലും നാമമാത്ര നിർമാണത്തിനു മാത്രമാണ് തികഞ്ഞിരുന്നതെന്നു ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ആസൂത്രണമില്ലാതെയുള്ള രൂപരേഖയാണ് മന്ദിരത്തിനെന്ന് ആദ്യമേ ആക്ഷേപമുയർന്നിരുന്നു.നിലവിൽ 50 ലക്ഷത്തോളം രൂപ വകയിരുത്തി നിർമാണ പ്രവർത്തനം പുനരാരംഭിച്ചുവെന്നും മന്ദിര രൂപകൽപനയുൾപ്പെടെയുള്ളവ പൂർത്തിയായെന്നും ശേഷിച്ച നിർമാണത്തിനു ഫണ്ടു ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ അറിയിച്ചു.