ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ പരിശോധിക്കുന്നതിനായി ജനുവരിയില്‍ നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവില്‍ തുറമുഖേതര വ്യവസായങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ക്ക് വഴിതുറക്കും. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിങ് മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ ഈ രംഗത്തെ വിദഗ്ധര്‍ അവതരിപ്പിക്കും. കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍, കണ്ടെയ്നര്‍ യാര്‍ഡ്, എക്യുപ്മെന്റ് റിപ്പയര്‍ യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ തുടങ്ങി ഷിപ്പിങുമായി ബന്ധപ്പെട്ട ഒട്ടേറെ സാധ്യതകള്‍ വിഴിഞ്ഞം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതോടൊപ്പം പാരമ്പര്യേതര ഊർജം, ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയവയിലെ നിക്ഷേപസാധ്യതകളും  കോണ്‍ക്ലേവ് അനാവരണം ചെയ്യും. ജനുവരി 29നും 30നും തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് കോണ്‍ക്ലേവ് നടക്കുക.  

vizhinjam

ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്‌ഐഡിസി, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവ് 2025, ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ്’ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം ചെയ്യുക. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം തന്നെ അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ മറ്റ് തുറമുഖങ്ങളോടനുബന്ധിച്ച് വിജയകരമായ രീതിയിൽ നടത്തപ്പെടുന്ന വ്യവസായങ്ങളുടേയും കമ്പനികളുടേയും പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.    

മറ്റു തുറമുഖങ്ങളോടനുബന്ധിച്ചുള്ള കമ്പനികളെ ഇവിടെ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുന്നതിനൊപ്പം കേരളത്തിനകത്തുള്ള കമ്പനികൾ, സ്റ്റാർട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും വിശകലനം ചെയ്യും. നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്ന സെഷനുകൾക്ക് കോൺക്ലേവിൽ പ്രാധാന്യം നൽകും. ബിസിനസ് ലീഡർമാരുമായി പ്രതിനിധികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമായിരിക്കും പ്രധാനമായും ഒരുക്കുക. നിക്ഷേപക കേന്ദ്രീകൃതമായ നയങ്ങളും നേട്ടങ്ങളും കോൺക്ലേവിൽ അവതരിപ്പിക്കപ്പെടും.

സംസ്ഥാനത്ത് വലിയതോതിൽ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴില്‍സാധ്യതകളാണ് അനുബന്ധവ്യവസായങ്ങളിലൂടെ ഉണ്ടാകുക. ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളർത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് കോൺക്ലേവിൽ തുടക്കമാകും. പദ്ധതി പ്രദേശത്തിനൊപ്പം വികസിപ്പിക്കുന്ന ഔട്ടർ ഏരിയ ഗ്രോത് കോറിഡോർ പദ്ധതിയുടെ വ്യാവസായിക സാധ്യതകളും കോൺക്ലേവിന്റെ അജണ്ടയിലുണ്ട്. ആഗോള വിതരണ ശൃംഖലയിൽ കേരളത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയുടെ സമുദ്രസമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനും കോൺക്ലേവ് ലക്ഷ്യമിടുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്ന 300 പ്രതിനിധികൾക്കാണ് കോൺക്ലേവിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

English Summary:

The Vizhinjam Conclave 2024 aims to attract global investment to Kerala by showcasing opportunities in sectors like tourism, manufacturing, and logistics surrounding the Vizhinjam Port development.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com