അസാധാരണമായ വസ്തുക്കളുണ്ടെങ്കിൽ കണ്ടെത്താനാകും; വിഴിഞ്ഞം തുറമുഖത്ത് സ്കാനർ സംവിധാനം തയാർ
Mail This Article
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തു സ്കാനർ സംവിധാനം തയാർ. ഈ മാസം അവസാനം ഉദ്ഘാടനം നടത്തുമെന്ന് അധികൃതർ. കസ്റ്റംസ് പരിശോധന നടപടികളുടെ ഭാഗമായാണ് അത്യാധുനിക സ്കാനർ സംവിധാനം. തുറമുഖത്തേക്ക് കരമാർഗം പോകുന്നതും വരുന്നതുമായ കണ്ടെയ്നറുകളുൾപ്പെടെയുള്ളവ സ്കാൻ ചെയ്യുന്നതിനായാണ് സംവിധാനം. കണ്ടെയ്നറുകളുമായി ട്രക്കുകൾ ഈ സംവിധാനത്തിനുള്ളിലൂടെ ഓടിച്ചു പോകുമ്പോൾ സ്കാനിങ് നടക്കും. സ്കാൻ ചെയ്യുന്നതു റെക്കോർഡു ചെയ്തു സൂക്ഷിക്കും. അസാധാരണമായ വസ്തുക്കളുണ്ടെങ്കിൽ കണ്ടെത്താനാകും. റോഡ് കണക്ടിവിറ്റി യാഥാർഥ്യമായാൽ മാത്രമേ സ്കാനർ സംവിധാന പ്രവർത്തനവും പ്രയോജനവും ഉണ്ടാകൂ എന്നു അധികൃതർ പറഞ്ഞു.
കപ്പലേറി ലോറിയും
കണ്ടെയ്നറുകൾ മാത്രം വന്നിറങ്ങിയിരുന്ന തുറമുഖത്ത് ലോറികളുടെ ഷാസികൾ ഇറക്കിയതാണ് ശ്രദ്ധനേടിയത്. സിങ്കപ്പൂരിൽനിന്ന് ഇന്നലെ എത്തിയ എംഎസ്‌സി സോഫിയ എന്ന കപ്പലിൽ നിന്നു 6 ട്രെയിലറുകളാണ് ഇറക്കിയത്. ഇവ എക്സ്പ്രസ് കാവേരി എന്ന കപ്പലിൽ ജിബൂട്ടി തുറമുഖത്തേക്കു പോകുമെന്നും അധികൃതർ വിശദീകരിച്ചു. തുറമുഖത്തേക്കുള്ള റോഡ് കണക്ടിവിറ്റി സാധ്യമായാൽ രാജ്യത്തെ പലയിടങ്ങളിലേക്കുമുള്ള ഇറക്കുമതി വാഹനങ്ങൾ വിഴിഞ്ഞം തുറമുഖത്താവും കപ്പലിറങ്ങുക എന്നു സൂചനയുണ്ട്.