നേമം സഹകരണബാങ്ക് : വീണ്ടും തുടരുന്ന വഞ്ചന; നിക്ഷേപത്തുക മടക്കി നൽകുന്നത് ഇഷ്ടക്കാർക്ക് മാത്രം
Mail This Article
തിരുവനന്തപുരം∙ കോടികളുടെ ക്രമക്കേടു നടന്ന നേമം സഹകരണ ബാങ്കിൽ വായ്പാ തിരിച്ചടവായി ലഭിക്കുന്ന പണം ഇഷ്ടക്കാരായ നിക്ഷേപകർക്കു മാത്രമായി മടക്കി നൽകുന്നെന്നു പരാതി. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു ക്രമക്കേട്. പാർട്ടി അംഗങ്ങൾ, ബന്ധുക്കൾ, നേതാക്കൾ എന്നിവർക്ക് കോടികൾ നിക്ഷേപമുണ്ട്. കിട്ടുന്ന പണം ഇവർക്കായാണ് വീതം വയ്ക്കുന്നത് . വർഷങ്ങളായുള്ള നിക്ഷേപത്തിൽ നിന്ന് ആയിരം രൂപ പോലും കിട്ടാതെ കണ്ണീരോടെ മടങ്ങാനാണ് സാധാരണക്കാരുടെ വിധി.
വായ്പ തിരിച്ചടവു ത്വരിതപ്പെടുത്താൻ ഒരാളെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. തിരിച്ചടയ്ക്കുന്ന പണം ഇയാൾ സ്വീകരിച്ച് കാഷ് കൗണ്ടറിൽ നൽകുന്നതിനു പകരം ഭരണസമിതി നൽകിയ പട്ടികയിലെ ആളുകൾക്കു വീതിച്ചു നൽകും.ബാങ്കുകൾ പ്രതിസന്ധിയിൽ ആകുമ്പോൾ പണം തിരികെ നൽകാൻ മുൻഗണനാ പട്ടിക തയാറാക്കുന്ന രീതി അട്ടിമറിച്ചാണ് നിക്ഷേപകരെ വീണ്ടും വഞ്ചിക്കുന്നത്. അനധികൃതമായി പണം പങ്കിട്ടെടുക്കുന്നതിനെതിരെ നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്‌മാനും കൈമനം സുരേഷും വിവിധ തലങ്ങളിൽ പരാതി നൽകിയെങ്കിലും നടപടിയില്ല.
കണ്ടെത്തണം 60 കോടി !
ബാങ്കിലെ പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരോ ജനപ്രതിനിധികളോ ഇടപെടാത്തതിൽ പ്രതിഷേധവുമായി നിക്ഷേപകർ. പിരിഞ്ഞു കിട്ടാനുള്ള തുക നിക്ഷേപത്തെക്കാൾ 60 കോടി രൂപ കുറവാണ്. തട്ടിപ്പു നടത്തിയ മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നു തുക ഈടാക്കാനായില്ലെങ്കിൽ നിക്ഷേപകർ കുത്തുപാളയെടുക്കും. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെ പ്രദേശത്തെ സിപിഎമ്മുകാർ ഉൾപ്പെടെയുള്ളവർ നേരിൽ കണ്ടെങ്കിലും ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്ന് നിക്ഷേപകർ പറഞ്ഞു.