കടത്തിയത് തന്നെ!; തുമ്പ പൊലീസ് ഉദ്യോഗസ്ഥർ ഇരുമ്പുകോണിപ്പടി കടത്തിയ ദൃശ്യം പുറത്ത്
Mail This Article
തിരുവനന്തപുരം∙റോഡിൽനിന്ന് തുമ്പ പൊലീസ് പൊളിച്ചെടുത്തു കസ്റ്റഡിയിൽ സൂക്ഷിച്ച ഇരുമ്പുകോണിപ്പടികൾ പൊലീസ് ഉദ്യോഗസ്ഥർ കടത്തിയതിനു തെളിവായി ദൃശ്യം. സെപ്റ്റംബർ 5ന് ഉച്ചയ്ക്കു 2.15ന് പ്രദേശവാസി മൊബൈൽഫോണിൽ പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ലോഡ് കയറ്റിയ കൊല്ലം റജിസ്ട്രേഷനിലുള്ള മിനിലോറിക്ക് 4 പൊലീസ് ഉദ്യോഗസ്ഥർ അകമ്പടി നൽകിയതാണ് ദൃശ്യത്തിലുള്ളത്. പഴയ പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ തൊണ്ടിവാഹനങ്ങൾക്കൊപ്പം സൂക്ഷിച്ച കോണിപ്പടികൾ പൂട്ടുപൊളിച്ചാണു കൊണ്ടുപോയത്. മഫ്തിയിൽ എത്തിയ 2 പൊലീസുകാർ സമീപത്തെ സൈക്കിൾ കടയിൽനിന്നു വാങ്ങി നൽകിയ ചുറ്റിക കൊണ്ടാണ് ആക്രിവ്യാപാരി പൂട്ടുപൊളിച്ച് അകത്ത് കയറിയതെന്നു ദൃക്സാക്ഷി പറയുന്നു.
സാധനങ്ങൾ കയറ്റുമ്പോൾ പൊലീസുകാർ പുറത്തേക്കുപോയി. പിന്നീട് 2 ബൈക്കുകളിൽ റോന്തുചുറ്റി പരിസരം നിരീക്ഷിച്ചുവെന്നും ഇദ്ദേഹം പറയുന്നു. ലോഡ് എവിടേക്ക് കൊണ്ടുപോകുന്നുവെന്നു സമീപത്തെ കടക്കാർ ചോദിച്ചിരുന്നു. വിഎസ്‌എസ്‌സിയുടെ സ്ഥലത്തുനിന്ന് ഇവ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാൽ മേനംകുളത്തെ പൊലീസ് വനിതാ ബറ്റാലിയൻ ആസ്ഥാനത്തേയ്ക്കു മാറ്റുകയാണെന്നാണ് സംഘം പറഞ്ഞത്. എന്നാൽ റെയിൽവേ ഗേറ്റ് കടന്നു കുളത്തൂർ ബൈപാസ് വഴി ആക്രിക്കടയിലേക്കാണ് പോയത്. ഗേറ്റിന് പിന്നീട് പുതിയ പൂട്ടിട്ടു. കോണിപ്പടികൾ 16,000 രൂപയ്ക്കാണ് ആക്രിക്കടയിൽ വിറ്റത്. ബൈപാസിൽ സ്വകാര്യ സ്ഥാപനങ്ങൾ അനധികൃതമായി സ്ഥാപിച്ച കോണിപ്പടികളാണ് കലക്ടറുടെ ഉത്തരവിനെ തുടർന്ന് പൊളിച്ച് വിഎസ്‌എസ്‌സിയുടെ സ്ഥലത്ത് സൂക്ഷിച്ചത്.
തൊണ്ടിവാഹനങ്ങൾ നീക്കണമെന്ന് വിഎസ്എസ്‌സി അധികൃതർ നൽകിയ കത്ത് മറയാക്കിയാണ് കോണിപ്പടികൾ കടത്തിയത്. വിവാദമായതോടെ കത്ത് ചൂണ്ടിക്കാണിച്ച് തടിതപ്പാനാണ് പൊലീസ് ശ്രമിച്ചത്. മുൻകരുതലെന്ന പോലെ ജിഡിയിൽ മാലിന്യം നീക്കം ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുമുണ്ട്.പൊലീസ് കസ്റ്റഡിയിലുള്ള സാധനങ്ങൾ വിൽക്കാൻ വകുപ്പ് അനുമതിയോടെ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് റിപ്പോർട്ട് നൽകണം. ഇതൊന്നും പാലിച്ചിട്ടില്ല. പൊലീസിൽനിന്ന് തന്നെയാണ് ആക്രി വിൽപന വിവരം ചോർന്നത്. തർക്കമായതോടെ മറ്റൊരു സ്റ്റേഷനിൽനിന്ന് അറ്റാച്ച് ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥനെ എസ്എച്ച്ഒ ഇടപെട്ട് മടക്കി അയച്ചു. പിന്നീടാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
‘പരിശോധിച്ചശേഷം നടപടി’
∙ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു. സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഇന്നലെ കമ്മിഷണർക്കു സമർപ്പിച്ചു. ഇതിന്മേൽ ഡിസിആർബി അസി. കമ്മിഷണർ അന്വേഷണം നടത്തി നടപടി ശുപാർശ ചെയ്യാനാണ് സാധ്യത. മുൻപ് പേട്ട പൊലീസ് സ്റ്റേഷനിൽനിന്നു നടപടി നേരിട്ട് തുമ്പയിലേയ്ക്കു സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനടക്കം പ്രതിസ്ഥാനത്തുണ്ട്.