അറ്റകുറ്റപ്പണികളിൽ അനാസ്ഥ: സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു
Mail This Article
തിരുവനന്തപുരം∙ രണ്ടു മാസത്തിനിടെ സെക്രട്ടേറിയറ്റിൽ രണ്ട് അപകടം നടന്നിട്ടും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രകടനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് ഉദ്ഘാടനം ചെയ്തു.
‘അപകട ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഉണ്ടാകുകയെന്നത് ജീവനക്കാരന്റെ അടിസ്ഥാന അവകാശമാണ്. ആഡംബര സൗകര്യങ്ങളല്ല, മറിച്ച് മിനിമം സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും പൊടിപടലങ്ങളില്ലാത്ത ഓഫിസും ആരോഗ്യപൂർണമായ ചുറ്റുപാടുകളുമാണ് ജീവനക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ അതുപോലും ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആഡംബരവും ധൂർത്തും മുഖമുദ്രയായ നവകേരളത്തിന്റെ ജീർണതയുടെ പ്രതീകമാണ് സെക്രട്ടേറിയറ്റിലെ പൊട്ടിപ്പൊളിഞ്ഞ ശുചിമുറികൾ’– അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിതമായി കർമപദ്ധതി നടപ്പിലാക്കണമെന്നും പരുക്കേറ്റ ഉദ്യോഗസ്ഥയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ, ട്രഷറർ കെ.എം.അനിൽ കുമാർ, വൈസ് പ്രസിഡന്റുമാരായ എ.സുധീർ, ജെയിംസ് മാത്യു, ആർ.രഞ്ജിഷ് കുമാർ , സെക്രട്ടറിമാരായ ജി.ആർ.ഗോവിന്ദ്, സി.സി.റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, സൂസൻ ഗോപി, എൻ.സുരേഷ്, വി.ഉമൈബ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, എൻ.റീജ, ഗായത്രി, എം.ജി.രാജേഷ് എന്നിവർ സംസാരിച്ചു.