മെഡിക്കൽ കോളജ്: ഒപി ടിക്കറ്റിന് വിലയീടാക്കാനുള്ള തീരുമാനം സർക്കാർ അനുമതിക്കു വിട്ട് ആശുപത്രി വികസന സമിതി
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനുള്ള തീരുമാനം സർക്കാർ അനുമതിക്ക് വിട്ട് ആശുപത്രി വികസന സമിതി. ആരോഗ്യവകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ ദിവസം ചേർന്ന എച്ച്ഡിഎസ് യോഗത്തിലാണ് ഒപി ടിക്കറ്റിന് ഫീസ് വാങ്ങാൻ തീരുമാനിച്ചത്. യോഗം അംഗീകാരം നൽകിയതിനു പിന്നാലെയാണു സർക്കാരിന്റെ അനുമതി തേടിയത്. അംഗീകാരം ലഭിച്ചാൽ ആശുപത്രി ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും. അതേസമയം ഒപി ടിക്കറ്റിന് നിരക്ക് ഈടാക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടർന്ന് ഫീസ് 5 രൂപയായി കുറയ്ക്കാനും ആലോചനയുണ്ട്. ഫീസ് ഏർപ്പെടുത്തിയ നടപടി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.
ആശുപത്രി വികസന സമിതിയാണ് തീരുമാനം എടുത്തത്. സംസ്ഥാനത്ത് മിക്ക സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും 5,10 രൂപ ഒപി ടിക്കറ്റിന് വാങ്ങുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 10 രൂപ ഇപ്പോഴാണ് ഏർപ്പെടുത്തിയത്. സ്വകാര്യ ആശുപത്രികളിൽ 250,500 ഒക്കെയാണ് ഒപിക്ക് വാങ്ങുന്നത്. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണു വിവരം.
ഒപി ടിക്കറ്റിന് ഫീസ്: തീരുമാനം എടുത്തിട്ടില്ലെന്ന് സൂപ്രണ്ട്
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് സൂപ്രണ്ട് ഡോ.ബി.എസ്.സുനിൽകുമാർ. ആശുപത്രി വികസന സമിതി യോഗത്തിലെ ചർച്ചയിൽ വന്ന നിർദേശത്തിന്റെ പേരിലാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്.
ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകൾക്കുമായി വലിയ തുക വേണ്ടി വരും. ഈ പ്രശ്നം പരിഹരിക്കാനെന്ന നിലയിലാണ് ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നിർദേശം വന്നത്. വർഷങ്ങൾക്ക് മുൻപ് ഒപി ടിക്കറ്റിന് ഫീസ് ഈടാക്കിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മറ്റു മെഡിക്കൽ കോളജുകളിലും ഫീസ് ഈടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന നിർദേശം വന്നത്. ഏതായാലും തീരുമാനമാകാത്ത വിഷയത്തിൽ നടക്കുന്ന സമരം ദൗർഭാഗ്യകരമാണെന്ന് സൂപ്രണ്ട് പറഞ്ഞു.
ടിക്കറ്റ് നിരക്ക് പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രതിഷേധം
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് ആശുപത്രി സൂപ്രണ്ട് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. ഒപി ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ധർമാശുപത്രിയിൽ വരുന്ന പാവപ്പെട്ട രോഗികളെ കൊള്ളയടിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും പിഎസ്‌എസിയെയും നോക്കുകുത്തിയാക്കി കുടുംബശ്രീയുടെ മറവിൽ അനധികൃത നിയമനം നടത്താനുള്ള നീക്കം തടയണമെന്നും ഹസൻ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് കുമാരപുരം രാജേഷ് അധ്യക്ഷത വഹിച്ചു. എം.എ.വാഹിദ്, ആറ്റിപ്ര അനിൽ, കെ.എസ്.ഗോപകുമാർ, ജെ.എസ്. അഖിൽ, ചെറുവയ്ക്കൽ പത്മകുമാർ, ജോൺസൺ ജോസഫ്, ഉള്ളൂർ മുരളി, നജീബ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.