അരുവിപ്പുറത്തും സമീപ പ്രദേശങ്ങളിലും രണ്ടാഴ്ചയായി ശുദ്ധജലക്ഷാമം രൂക്ഷം
Mail This Article
നെയ്യാറ്റിൻകര ∙ അരുവിപ്പുറത്തും സമീപ പ്രദേശങ്ങളിലും രണ്ടാഴ്ചയായി ശുദ്ധജലക്ഷാമം രൂക്ഷം. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും മറ്റൊരിടത്ത് പൈപ്പ് പൊട്ടിയതുമാണ് കാരണം. ക്ഷാമം രൂക്ഷമായിട്ടും വാട്ടർ അതോറിറ്റി ബദൽ സംവിധാനങ്ങളൊരുക്കുന്നില്ലെന്ന് പരാതി.കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള ജലം പെരുമ്പഴുതൂരിൽ നിന്ന് പെരുങ്കടവിള പഞ്ചായത്തിലെ പൂവങ്കാല ജലസംഭരണയിൽ എത്തിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കലാണ് അരുവിപ്പുറം പ്രദേശത്ത് പുരോഗമിക്കുന്നത്. സമാന്തരമായി അമൃത് ശുദ്ധജല പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലും നടത്തുന്നുണ്ട്.
മണ്ണുമാന്തി ഉപയോഗിച്ചു റോഡ് കുഴിക്കുമ്പോൾ പലയിടത്തും പൈപ്പുകൾ പൊട്ടി ശുദ്ധജലം ഒഴുകി പോകുന്നു. ശുദ്ധജലം പാഴാകാതിരിക്കാനാണ് ജലവിതരണം താൽക്കാലികമായി നിർത്തിയത്. പൈപ്പ് സ്ഥാപിക്കൽ അനന്തമായി നീളുകയാണ്. ഇതിനിടെയാണ് പെരുമ്പഴുതൂർ പോളിടെക്നിക്കിനു സമീപം പൈപ്പ് പൊട്ടിയത്. അതു കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചുവെങ്കിലും ശുദ്ധജല ക്ഷാമം പൂർണമായി മാറിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പെരുങ്കടവിള, കൊല്ലയിൽ പഞ്ചായത്തുകളുടെ ഒരു ഭാഗത്തും നഗരസഭയുടെ പെരുമ്പഴുതൂർ പ്രദേശത്തുമാണ് രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്നത്. റോഡ് പണിക്ക് മുന്നോടിയായി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതാനാൽ ശുദ്ധജലം മുടങ്ങുമെന്ന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് ജനം പറയുന്നു.
ക്ഷാമം നേരിട്ടതിനെ തുടർന്ന് അധികൃതരെ ബന്ധപ്പെട്ടതിനു പിന്നാലെ 19 മുതൽ 21 വരെ ശുദ്ധജലം മുടങ്ങുമെന്ന അറിയിപ്പ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് പരാതി. ശുദ്ധജല ക്ഷാമം നേരിട്ടതോടെ പലരും ബന്ധു വീടുകളിൽ അഭയം തേടിയിട്ടുണ്ട്.