ADVERTISEMENT

പോത്തൻകോട് ∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ ബിഎസ്‍സി നാലാം വർഷ വിദ്യാർഥിനി അമ്മുവിന്റെ(21) സഞ്ചയനച്ചടങ്ങുകൾ ഇന്ന് പോത്തൻകോട് അയിരൂപ്പാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ നടക്കും. രാവിലെ 6ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ എത്തി ചിതാഭസ്മം ഏറ്റുവാങ്ങും. വീട്ടിൽ 8.30നാണു ചടങ്ങുകൾ. അതിനുശേഷം വർക്കല പാപനാശത്ത് ചിതാഭസ്മം നിമജ്ജനം ചെയ്യും. മകളുടെ കണ്ണീരോർമയിൽ, സങ്കടക്കടലിലാണ് അച്ഛൻ സജീവും അമ്മ രാധാമണിയും സഹോദരൻ അഖിലും കുടുംബാംഗങ്ങളും. 2020ലാണു ചുട്ടിപ്പാറ കോളജിൽ അമ്മു പ്രവേശനം നേടിയത്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും അവധി ദിവസങ്ങളിലും അമ്മു വീട്ടിലെത്തും. ചിലപ്പോൾ അച്ഛൻ സജീവിനൊപ്പം പട്ടം മുറിഞ്ഞപാലത്തെ മെഡിക്കൽ ആൻഡ് സർജിക്കൽ സെന്ററിലേക്കു പോകും.

കുടുംബത്തിനൊപ്പം ക്ഷേത്രദർശനവും സിനിമയുമാണ് അമ്മു ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ചെന്നൈയിൽ കുടുംബമായി താമസിക്കുന്ന സഹോദരൻ അഖിലിനൊപ്പം കുറച്ചുനാൾ താമസിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വിമാനത്താവളത്തിൽ മാതാപിതാക്കൾക്കൊപ്പവും ചെന്നൈയിൽ സഹോദരനൊപ്പവും സെൽഫി എടുക്കണമെന്ന് അമ്മു പറഞ്ഞിരുന്നതായി സജീവ് പറഞ്ഞു. മൂന്നാറിലേക്കു പോകണമെന്ന അമ്മുവിന്റെ ആഗ്രഹം മാത്രമാണു തിരക്കിനിടെ സാധിച്ചുകൊടുക്കാൻ കഴിയാത്തതെന്നും സജീവ് പറഞ്ഞു.

സഹപാഠികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി
പത്തനംതിട്ട ∙ നഴ്സിങ് വിദ്യാർഥിനി ‌അമ്മു എ.സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായ 3 സഹപാഠികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് അപേക്ഷ സമർപ്പിച്ചു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി.അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനാണ് പൊലീസ് അപേക്ഷിച്ചിരിക്കുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നും കാണിച്ചാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നു പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിക്ക‌് നാളെ നിവേദനം നൽകും
നഴ്സിങ് പഠനത്തിനു വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കുട്ടികൾ പെട്ടെന്നാണ് അമ്മുവുമായി അടുത്തത്. 9 കൂട്ടുകാരികള‌ുണ്ടായിരുന്നു. കഴിഞ്ഞ മേയിൽ അഖിലിന്റെ വിവാഹത്തിനും അവർ പങ്കെടുത്തു. പഠനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ച് ആശുപത്രിയിൽ 24 കുട്ടികൾ ക്യാംപിനെത്തി. അവരിൽ ചിലർ രാത്രി സിനിമയ്ക്കു പോകാൻ അമ്മുവിനെ നിർബന്ധിച്ചു. അച്ഛന്റെ അനുവാദമില്ലാത്തിനാൽ അമ്മു പോയില്ല. തുടർന്ന്, അവർ അമ്മുവിനെ ഒറ്റപ്പെടുത്തിയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. എല്ലാ കാര്യങ്ങളും അമ്മു മാതാപിതാക്കളോടും സഹോദരനോടും ഫോണിൽ അറിയിച്ചിരുന്നു. ശനിയാഴ്ച വീട്ടിലേക്കു പോകാൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്ത അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണു കുടുംബം. പൊലീസ് അന്വേഷണം തൃപ്തികരമെന്നും അവർ പറഞ്ഞു. വിവരങ്ങളെല്ലാം കാണിച്ചു ഗവർണർ,മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക‌ു നാളെ നിവേദനം നൽകുമെന്നും സജീവ് പറഞ്ഞു.

അമ്മുവിന്റെ ‘കുക്കി’
അയിരൂപ്പാറയിലെ വീട്ടിൽ അമ്മുവിന് ഏറെ ഇഷ്ടമുള്ള ഒരാൾ കൂടിയുണ്ട്, ഡാഷ് ഇനത്തിൽപെട്ട നായ–അമ്മുവിന്റെ ‘കുക്കി’. വീട്ടിലെത്തിയാൽ ഏറെ നേരവും അതിനൊപ്പമാണ് ചെലവഴിക്കുക. കുക്കിക്കും അമ്മുവിനോടാണ് ഏറെ ഇണക്കം. വീടിനു സമീപത്ത് അനക്കംകേട്ടാൽ മതി കുക്കി ബഹളമുണ്ടാക്കി വീട്ടുകാരെ അറിയിക്കും. അമ്മുവിന്റെ മരണശേഷം കുക്കി അധികം ശബ്ദമുണ്ടാക്കാറില്ലെന്നും സജീവ് പറഞ്ഞു.

English Summary:

This article shares the heartbreaking news of the passing of Ammu, a 21-year-old BSc Nursing student from Chuttippara College, Pathanamthitta. It details her funeral arrangements, including the location and time, and provides a glimpse into her life, mentioning her loving family and hobbies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com