കന്യാകുളങ്ങര-കുണൂർ-മുക്കോല റോഡ്: മഴ പെയ്താൽ നീന്തിക്കടക്കണം...
Mail This Article
വട്ടപ്പാറ ∙ വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര-കുണൂർ -മുക്കോല റോഡിൽ മഴ പെയ്താൽ വള്ളമിറക്കണം അല്ലെങ്കിൽ നീന്തിക്കയറണമെന്ന് നാട്ടുകാർ. വലിയവിള ഭാഗത്ത് 40 മീറ്ററോളം ഭാഗം ടാറിളകി വൻകുഴികളാണ്. മുട്ടളവ് വെള്ളക്കെട്ടിൽ കുഴികൾ തിരിച്ചറിയാനാകാതെ അപകടങ്ങളും പതിവാണ്. ഇതിനു സമീപത്തായാണ് കുണൂർ അങ്കണവാടി. അവിടേക്ക് പോകണമെങ്കിൽ കുരുന്നുകളും നീന്തൽ പഠിക്കേണ്ട സ്ഥിതിയാണ്.
പത്തുവർഷത്തോളമായി അറ്റകുറ്റപ്പണികളില്ലാതെ റോഡ് തകർന്നു കിടക്കുകയാണ്. സ്കൂൾ ബസുകളോ ഓട്ടോറിക്ഷയോ ടാക്സികളോ ഇവിടേക്ക് വരാറില്ലെന്നും നാട്ടുകാർ പറയുന്നു. പലവട്ടം വെമ്പായം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ജനപ്രതിനിധികളും മൗനം പാലിക്കുകയാണ്. ഇപ്പോൾ പ്രദേശവാസികൾക്ക് പ്രധാന പാതയിലേക്ക് എത്തണമെങ്കിൽ രണ്ട് കിലോമീറ്ററോളം ചുറ്റണം. ഓടകൾ ഇല്ലാത്തതും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമായി പറയുന്നത്. യാത്രാ ദുരിതം മാറ്റാൻ ഇനിയും നടപടി വേണം. പ്രതിഷേധ സമരങ്ങൾക്കൊരുങ്ങുകയാണ് പ്രദേശവാസികൾ.