ബസുകൾ പറന്നകന്ന് കിളിമാനൂർ ഡിപ്പോ; 18 ബസുകൾ മറ്റ് ഡിപ്പോകൾക്ക് നൽകി
Mail This Article
കിളിമാനൂർ ∙ കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിൽനിന്നു ബസുകൾ മറ്റു ഡിപ്പോകൾക്ക് നൽകുന്നതു കാരണം കിളിമാനൂരിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. കൊട്ടാരക്കര, തിരുവനന്തപുരം റൂട്ടിലും മലയോര മേഖലകളിലുമുള്ള ബസുകൾ വെട്ടിക്കുറച്ചു. 18 ബസുകളാണ് മറ്റ് ഡിപ്പോകൾക്ക് നൽകിയത്.ശബരിമല സീസൺ തുടക്കത്തിൽ 7 ബസുകൾ (4 ലോഫ്ലോർ, 3 ഫാസ്റ്റ്) പമ്പയ്ക്ക് കൊണ്ടുപോയി. കൂടാതെ, കിളിമാനൂരിൽനിന്ന് ദിവസേന 2 ബസുകൾ പമ്പ് സർവീസുമുണ്ട്. ഒരു ബസ് കാട്ടാക്കട ഡിപ്പോയ്ക്ക് നൽകി. ആര്യങ്കാവ് ഡിപ്പോയ്ക്ക് രണ്ടും കോട്ടയത്തിന് ഒന്നും നെടുമങ്ങാടിന് ഒരു ബസും നൽകണമെന്ന ഉത്തരവു വന്നിട്ടുണ്ട്. ഒരു വർഷം മുൻപ് ചടയമംഗലത്തിനും കുളത്തൂപ്പുഴയ്ക്കും നൽകിയ 2 വീതം ബസുകൾ ഇപ്പോഴും കിളിമാനൂർ ഡിപ്പോയിൽ ആണെന്നാണ് രേഖ.
ഒ.എസ്.അംബിക എംഎൽഎ ഉദ്ഘാടനം ചെയ്ത തൊളിക്കുഴി കടയ്ക്കൽ, തിരുവനന്തപുരം, പനപ്പാംകുന്ന് വിദ്യാ കോളജ് സർവീസുകൾ ദിവസങ്ങൾക്കുള്ളിൽ നിലച്ചു. വെട്ടിക്കവല പത്തനാപുരം സർവീസും നിലച്ചു. 14 ഫാസ്റ്റ് ഉണ്ടായിരുന്ന ഇവിടെനിന്ന് ഇപ്പോൾ 8 ഫാസ്റ്റ് മാത്രമേയുള്ളു. 8 വർഷം മുൻപ് 98 സർവീസ് ഉണ്ടായിരുന്ന കിളിമാനൂരിൽ ഇപ്പോഴുള്ളത് 52 സർവീസ് മാത്രമാണ്. ആറ്റിങ്ങൽ –പാലോട്, ആറ്റിങ്ങൽ–മടത്തറ, പാരിപ്പള്ളി വർക്കല എന്നീ ചെയിൻ സർവീസുകൾ ഇല്ലാതെയായി. ആയൂർ നെടുമങ്ങാട് ചെയിൻ സർവീസുകളും നിലയ്ക്കാനാണു സാധ്യത. നേരത്തെ 11 സ്റ്റേ സർവീസ് ഉണ്ടായിരുന്നത് മൂന്നായി ചുരുങ്ങി. അടുത്ത കാലത്ത് ആരംഭിച്ച ചരിപറമ്പ് മണ്ണൂർ സ്റ്റേ സർവീസ് രാത്രി 7ന് സ്വകാര്യ ബസിനു പിന്നാലെ കാലിയായാണ് സർവീസ് നടത്തുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന യാഡും നവീകരിച്ചിട്ടില്ല. ഡിപ്പോ അധികൃതരുടെ പിടിപ്പുകേടു മൂലമാണ് ബസുകൾ മറ്റ് ഡിപ്പോകൾക്ക് നൽകുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ പരാതി നൽകി.