85 വർഷം മുൻപ് – നമ്മൾ പ്ലേഗിനെ തോൽപിച്ച ചരിത്രം; ഒരു എലിക്ക് 3 പൈ !
Mail This Article
ലോകമെങ്ങും ലോക്ഡൗൺ കാലം. രാജ്യത്ത് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ച തൃശൂർ, 85 വർഷം മുൻപ് പ്ലേഗ് കാലത്തു പോലും തോറ്റു കൊടുത്തിട്ടില്ല! 1935–ൽ കുന്നംകുളത്തും പിന്നീട് 1942–ൽ തൃശൂർ നഗരത്തിലും പടർന്ന പ്ലേഗിനെ തോൽപിച്ച ചരിത്രമുണ്ട് തൃശൂരിന്. അന്നത്തെ 3 പൈക്ക് എലിയെ പിടിച്ചുകൊടുത്തിട്ടുണ്ട് തൃശൂരുകാർ! നിയമസഭാ ഡിജിറ്റൽ രേഖകളിൽ നിന്നും മലയാള മനോരമയുടെ പഴയ പത്രത്താളുകളിൽ നിന്നും തൃശൂരിന്റെ പ്ലേഗ് കാലം ഓർത്തെടുക്കുകയാണു മെട്രോ മനോരമ...
1935 ജനുവരി 5. കേരളം തിരു–കൊച്ചി രാജ്യമായിരുന്ന കാലം. കൊച്ചിയിൽ ദിവാന് കുന്നംകുളത്തു നിന്നു 2 ടെലിഗ്രാം ലഭിച്ചു. കുന്നംകുളത്ത് പ്ലേഗ് സംശയം, പെട്ടെന്ന് മരണമുണ്ടായി. 2 വരി മാത്രമുള്ള 2 ടെലിഗ്രാമുകൾ. കുന്നംകുളം വൈഎംസിഎ സെക്രട്ടറിയുടെയും ഒരു ഡോ.നാരായണ മേനോന്റെയുമായിരുന്നു കത്തുകൾ. ദിവാൻ ആ ടെലിഗ്രാമുകൾ അന്നത്തെ ആരോഗ്യ ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ.ഡി.രാഘവേന്ദ്ര റാവുവിനു കൈമാറി.
ജനുവരി 8ന് രാഘവേന്ദ്ര റാവു കുന്നംകുളത്തെത്തി പരിശോധന നടത്തി. പ്ലേഗ് പരത്തുന്ന എലികളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാഞ്ഞതിനാൽ തിരികെപോയി.പിന്നീട് 25ന് വീണ്ടുമെത്തി കുന്നംകുളം നാട്ടിൽ പരിശോധന നടത്തി. മരിച്ചവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മദ്രാസ് (ഇന്നത്തെ ചെന്നൈ) കിങ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചു.
ഫലം പോസിറ്റീവ്. ജനുവരി 28ന് കുന്നംകുളത്ത് പ്ലേഗ് ബാധ സ്ഥിരീകരിച്ചു. ഫെബ്രുവരി 8ന് കുന്നംകുളം പ്രദേശം പ്ലേഗ് ബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചു. മാർച്ച് 14ന് ചേർന്ന കൊച്ചി നിയമ സമിതിയിൽ അന്നത്തെ ആരോഗ്യ ഡയറക്ടർ കൂടിയായിരുന്ന ഡോ.രാഘവേന്ദ്ര റാവു നൽകിയ മറുപടിയിൽ ഇവ വ്യക്തമാക്കുന്നുണ്ട്. കൊച്ചി, ആലപ്പുഴ ഉൾപ്പെടെ പ്ലേഗ് ബാധിത പ്രദേശങ്ങളിൽ നിന്നു തൃശൂരിലെത്തിയവരെ പരിശോധിക്കുന്നുണ്ടെന്നും ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തം. തൃശൂർ നഗരത്തിൽ പ്രതിരോധ കുത്തിവയ്പിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു.
തൃശൂർ പ്ലേഗ്
1942 ഒക്ടോബർ 6ന് തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്ലേഗ് സാന്നിധ്യം കണ്ടെത്തി. തുടർന്ന് അടുത്ത ദിവസം തന്നെ തൃശൂരിനെ നിരീക്ഷണ കേന്ദ്രമായും 11ന് പ്ലേഗ് ബാധിത പ്രദേശമായും പ്രഖ്യാപിച്ചു.നഗരപരിധിയിൽ12 പേരും നഗരത്തിനു പുറത്ത് 4 പേരും പ്ലേഗ് മൂലം മരിച്ചു. പ്ലേഗ് പരത്തുന്ന എലികളെ കൊന്നൊടുക്കിയും രോഗ ബാധിത ഗോ–ഡൗണുകളും വീടും നശിപ്പിച്ചുമാണ് പകർച്ചവ്യാധി നിയന്ത്രണ വിധേയമാക്കിയത്.
തൃശൂർ നഗരത്തിൽ നിന്നു മറ്റുള്ള സ്ഥലത്തേക്കു വിവിധ സാധനങ്ങളും മറ്റു ചരക്കും നീക്കുന്നതു തടഞ്ഞു. ഇതോടൊപ്പം ഒട്ടേറെ ആളുകൾക്ക് കുത്തിവയ്പ് (വാക്സിൻ) നൽകി. ലഘുലേഖകൾ വിതരണം ചെയ്തും മുനിസിപ്പൽ റേഡിയോയിൽ ബോധവൽക്കരണ അറിയിപ്പുകളും അന്നു നടത്തി. 1945 ഡിസംബറിൽ തൃശൂർ മുനിസിപ്പൽ അതിർത്തിയിൽ നായരങ്ങാടിയിലും മറ്റും എലികൾ ചത്തു വീണതായി പത്രവാർത്തയിലുണ്ട്.എലികളെ പരിശോധിച്ചതിൽ പ്ലേഗാണെന്ന് കണ്ടെത്തുകയും മുനിസിപ്പൽ കൗൺസിൽ പ്രതിരോധ നടപടികളെടുത്തെന്നും വാർത്തയിൽ പറയുന്നു.
നാടെങ്ങും കുത്തിവയ്പ്
മദ്രാസിലെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം വന്നതോടെ ജനുവരി 31ന് തൃശൂർ നഗരത്തിലടക്കം പ്രതിരോധ കുത്തിവയ്പ് (വാക്സിൻ) ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ രോഗം വ്യാപിച്ചു. മട്ടാഞ്ചേരിയിൽ നിന്നാണ് അന്നു കുത്തിവയ്പിനുള്ള മരുന്നുകൾ എത്തിച്ചത്. പിന്നീട് ഫെബ്രുവരി 8ന് കൊച്ചി ദിവാന് തൃശൂർ നഗരത്തിലെ ടൗൺ ക്ലബ്ബിന്റെ ടെലിഗ്രാം ലഭിച്ചു.
പ്ലേഗ് പടരുന്നു, ഐസലേഷൻ കേന്ദ്രം ഒരുക്കണം–ഉള്ളടക്കം ഇത്രമാത്രം. പിന്നീട് രാഘവേന്ദ്ര റാവുവിനൊപ്പമെത്തിയ ആരോഗ്യ സംഘം അന്ന് കുന്നംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എണ്ണായിരത്തോളം ആളുകൾക്കു കുത്തിവയ്പു നൽകി. 12 പേരടങ്ങുന്ന നാട്ടുകാരുടെ പ്രത്യേക നിരീക്ഷണ സംഘത്തെ രൂപീകരിച്ചായിരുന്നു രോഗ പ്രതിരോധ പ്രവർത്തനം.
1935 ഫെബ്രുവരി 8 മുതൽ ജൂലൈ 13 വരെയായിരുന്നു കുന്നംകുളത്തെ പ്ലേഗ് കാലം. 21 പേർ പ്ലേഗ് ബാധിച്ച് മരിച്ചതായി റാവു കൊച്ചി നിയമസമിതിയിൽ റിപ്പോർട്ടു നൽകി. 1935 മേയ് 21ന് പുറത്തിറങ്ങിയ പത്രവാർത്തയിൽ കുന്നംകുളത്തെ പ്ലേഗ് ശമിച്ചതായും ആരോഗ്യ ഉദ്യോഗസ്ഥരെ തിരികെ വിട്ടതായും പറയുന്നുണ്ട്.
കേരളത്തിന്റെ പ്ലേഗ് ചരിത്രം
1927-28 കാലത്താണ് തിരുവിതാംകൂറിലെ ആദ്യത്തെ പ്ലേഗ് ബാധ റിപ്പോർട്ട് ചെയ്തത്. ബാധയുടെ തുടക്കത്തിൽ തന്നെ കൈക്കൊണ്ട ആരോഗ്യ–പ്രതിരോധ നടപടികൾ തിരുവിതാംകൂറിലെ പൊതുജനാരോഗ്യ വ്യവസ്‌ഥ എത്രമാത്രം കാര്യക്ഷമമായിരുന്നു എന്നതിന്റെ തെളിവാണ്. മാരകമായി മാറാവുന്ന സാംക്രമികോ രോഗത്തെ പ്രതിരോധ പ്രവർത്തനങ്ങളിലൂടെഒ എങ്ങനെ തടഞ്ഞു നിർത്താനാവുമെന്നതിന്റെ പാഠങ്ങൾ കൂടിയായിരുന്നു ആ നടപടികൾ. 1930-32 ൽ ദേവികുളം, കുമളി എന്നീ പ്ലാന്റേഷൻ മേഖലകളിൽ പ്ലേഗ് വീണ്ടും പൊട്ടിപ്പുറപ്പെട്ടു.
മലയോരങ്ങളിലൂടെ പുറംലോകത്തേയാക്കുളള റോഡുകൾ കർശനമായ നിരീക്ഷണത്തിനു വിധേയമാക്കിയതിനാൽ രോഗം മറ്റു സ്‌ഥലങ്ങിലേക്കു വ്യാപിച്ചില്ല. 1934-35 ൽ കൊച്ചിയുടെ സമീപപ്രദേശങ്ങളിലും ആലപ്പുഴ ടൗണിലും പ്ലേഗ് വീണ്ടും തലപൊക്കി. 25 പേർ അന്നു മരിച്ചു. ടൗണിനു പുറത്തേക്കുളള എല്ലാ വഴികളിലും പ്ലേഗ് ക്യാംപുകൾ തുറന്നു. എലികളുടെ താമസസ്‌ഥലങ്ങളെ അണു വിമുക്‌തമാക്കി. അങ്ങനെ ജനങ്ങൾ ടൗൺ വിട്ടു പുറത്തു പോകുന്നതു വിലക്കിയും വീടുകളിൽ അണു നാശിനികൾ തളിച്ചും രോഗ വ്യാപനത്തെ തടഞ്ഞുനിർത്തി.
ഒരു എലിക്ക ് 3 പൈ !
പ്ലേഗ് പടർന്നു പിടിച്ച സമയത്ത് എലികളെ ജീവനോടെ പിടിച്ചു ഹാജരാക്കുന്നവർക്ക് ഒരു എലിക്ക് 3 പൈ (അന്നത്തെ നാണയം) വീതം കൊടുക്കാൻ തൃശൂർ മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്തിരുന്നു.ഇതോടൊപ്പം കുന്നംകുളത്തു നിന്നു വരുന്ന ബസുകൾ പരിശോധിച്ച്, കയ്യിലുള്ള സാധനങ്ങൾ വെയിലത്ത് ഉണക്കിയാണു തിരികെ നൽകിയിരുന്നത്.കുന്നംകുളത്തു നിന്നും മട്ടാഞ്ചേരിയിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നവരുടെ വിവരങ്ങൾ മുനിസിപ്പൽ അധികൃതർ ശേഖരിച്ചു. അന്നത്തെ മുനിസിപ്പൽ ചെയർമാൻ ഡോ.എ.ആർ.മേനോൻ, സിവിൽ സർജൻ ഡോ.എ.ആർ.പൊതുവാൾ എന്നിവർ പ്രതിരോധത്തിനു നേതൃത്വം നൽകിയതായി പത്ര താളുകളിൽ വ്യക്തം.
എലിനശീകരണം
പ്ലേഗിനെതിരായ വാക്‌സിനേഷൻ യുദ്ധകാലാടിസ്‌ഥാനത്തിൽ നടപ്പിൽ വരുത്തി. ആലപ്പുഴയിൽ മാത്രം 52,376 പേർക്ക് വാക്‌സിനേഷൻ നൽകി. 1935 -ൽ പ്ലേഗു ബാധയെക്കിറിച്ചു പഠിക്കാൻ സ്‌ഥിരമായി ഒരു ഉദ്യോഗസ്‌ഥനെ ആലപ്പുഴയിൽ നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ എലിനശീകരണവും, രോഗം പരത്തുന്ന എലിച്ചെളളുകളെ കുറിച്ചു എന്റമോളജിക്കൽ പഠനങ്ങളും നടന്നു. 1937-38 -ൽ 16,354 എലികളെ ആലപ്പുഴയിൽ മാത്രം കൊന്നു. അന്ന് എലികളെ കൊന്നു കൊണ്ടുചെല്ലുന്നവർക്ക് എലിയൊന്നിന് അരചക്രമായിരുന്നു പ്രതിഫലം.
1937-ൽ എക്‌സ് ചോപീസ് ഇനത്തിൽപ്പെട്ട പ്ലേഗിനെ പരത്തുന്ന എലിച്ചെളളുകൾ കൊല്ലത്തെ തെരുവുകളിൽ വൻതോതിൽ കണ്ടെത്തി. പ്ലേഗ് ബാധയുണ്ടാവാൻ സാധ്യതയുളള കൊല്ലം ടൗൺ ആണെന്നു വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്‌ഥാനത്തിൽ ജനങ്ങൾക്കു രോഗത്തെക്കുറിച്ചുളള മുന്നറിയിപ്പുകൾ നൽകി. എലി നശീകരണവും ഫ്യൂമിനേഷനും വീടും തെരുവും കടകളും അണുവിമുക്‌തമാക്കുന്ന പ്രവർത്തനങ്ങളും പ്ലേഗിനെതിരായ വാക്‌സിനേഷനും കൊല്ലത്ത് ആരംഭിച്ചു.
എന്താണ് പ്ലേഗ്?
18 മാസം കൊണ്ടു ലണ്ടനിലെ ജനസംഖ്യ പാതിയായി കുറയ്ക്കാനിടയാക്കിയ മഹാമാരി– 1348ലായിരുന്നു അത്. ‘കറുത്ത മരണം’ എന്നാണ് പ്ലേഗ് എന്ന രോഗത്തിന് ലോകം നൽകിയിരുന്ന ഇരട്ടപ്പേര്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങൾ കൂട്ടിയിട്ടാണു ലണ്ടനിൽ മറവു ചെയ്തിരുന്നത്. അതിനു മുൻപ് 5–ാം നൂറ്റാണ്ടിലും 8–ാം നൂറ്റാണ്ടിലും 5 കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിന്റെ കുപ്രസിദ്ധിയും പ്ലേഗിനുണ്ട്.ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു കാരണമായ ബാക്ടീരിയ പടർന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം പടർന്നു.