പോസിറ്റീവ് ഒഴിയാതെ മെഡിക്കൽ കോളജ്
Mail This Article
മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജിൽ അനാട്ടമി വിഭാഗം ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീനിൽ പോകേണ്ടി വന്നത് 3 ഡോക്ടർമാരക്കം 9 പേർ. 3 രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 2 വാർഡുകളിൽ ജോലിക്കുണ്ടായിരുന്ന ജീവനക്കാരോടും ക്വാറന്റീനിൽ പോകാൻ നിർദേശം. 2 വാർഡുകളും കന്റീനും അടയ്ക്കുക കൂടി ചെയ്തതോടെ രോഗികളും ബുദ്ധിമുട്ടിലാവുമെന്ന് ആശങ്ക. ഓർത്തോ വിഭാഗം വാർഡ് 2, വാർഡ് 5 എന്നിവ അടച്ച് രോഗികളെയും കൂട്ടിരിപ്പുകാരെയും വാർഡുകളിൽ തന്നെ നിലനിർത്തി നിരീക്ഷിച്ചു വരികയാണ്. അകത്തേക്കും പുറത്തേക്കും പ്രവേശനം നിരോധിച്ചു.
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടർ സ്വയം ആർടിപിസിആർ പരിശോധനയ്ക്കു വിധേയയാവുകയായിരുന്നു. മെഡിക്കൽ കോളജിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇവരെ കോവിഡ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കായി ഓർത്തോ വിഭാഗം വാർഡ് രണ്ടിൽ പ്രവേശിപ്പിച്ച ചിയ്യാരം സ്വദേശിയായ ഇരുപതുകാരനും പാലക്കാട് എലവഞ്ചേരി സ്വദേശി 41 വയസ്സുള്ള ആൾക്കും വാർഡ് അഞ്ചിൽ കഴിയുന്ന ചൂണ്ടൽ സ്വദേശി എഴുപത്തിനാലുകാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണു സ്ഥിരീകരണം. ഫലം പുറത്തു വന്ന ഉടനെ മൂവരെയും ഐസലേഷൻ വാർഡിലേക്കു മാറ്റി. വിശദമായ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്.
കോവിഡ് ക്ലസ്റ്ററുകളിൽ കൂടുതൽ നിയന്ത്രണം
ജില്ലയിൽ കോവിഡ് വ്യാപന തീവ്രതയുള്ള ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ തഹസിൽദാർമാരെ ചുമതലപ്പെടുത്തി.ഉറവിടം അറിയാത്ത ഒരു രോഗിയും സമ്പർക്ക രോഗികളും ഉണ്ടെങ്കിൽ തന്നെ ആ പ്രദേശങ്ങളെ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചാണു പ്രതിരോധവും പരിശോധനയും ശക്തമാക്കുന്നത്.ഒരു പ്രദേശത്ത് പത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ ക്ലസ്റ്ററായി മാറ്റും. മാള–അഷ്ടമിച്ചിറ, ഇരിങ്ങാലക്കുട–മുരിയാട്, ശക്തൻ മാർക്കറ്റ് എന്നീ പ്രദേശങ്ങളിൽ കോവിഡ് തീവ്രതയുള്ള ക്ലസ്റ്ററുകൾ നിലവിൽ രൂപപ്പെട്ടിട്ടുണ്ട്.ഈ പ്രദേശങ്ങളിൽ ചാലക്കുടി, മുകുന്ദപുരം, തൃശൂർ തഹസിൽദാർമാരുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ്
സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ്. ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. 2 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണുള്ളത്. കോവിഡ് ജോലിയുള്ളതിനാൽ നഴ്സുമാർക്ക് മുഴുവൻ സമയം ആശുപത്രിയിൽ സേവനം നടത്താനാവുന്നില്ല. 4 ഡോക്ടർമാരിൽ ഒരാൾ അവധിയിലാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കും സ്ഥിരമായി ആളില്ല.
∙ജില്ലയിൽ 517 പേർ ചികിത്സയിൽ; 11 പേർ മറ്റു ജില്ലകളിൽ.
∙ആകെ പോസിറ്റീവ് 1676;
∙ഇന്നലെ നെഗറ്റീവ് ആയി ആശുപത്രി വിട്ടത് 52; ആകെ നെഗറ്റീവ് 1141
∙ആകെ നിരീക്ഷണത്തിൽ 12358; വീടുകളിൽ 11823; ആശുപത്രികളിൽ 535.
∙കോവിഡ് സംശയിച്ച് 94 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
∙538 പേർ പുതുതായി നിരീക്ഷണത്തിൽ; 1387 പേരെ നീക്കി
∙ഇന്നലെ അയച്ചത് 591 സാംപിളുകൾ.
∙ആകെ 37011 സാംപിളുകളിൽ ഫലം വരാനുള്ളത് 671