ADVERTISEMENT

പെരുമ്പിലാവ് ∙ സംസ്ഥാന പാതയിൽ തൃശൂർ മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തിയായ കടവല്ലൂർ പാടത്ത് റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾ എടുത്തു മാറ്റി വൃക്ഷത്തൈകൾ നട്ടു. കടവല്ലൂർ സ്വദേശിയായ പൊതുപ്രവർത്തകൻ വെള്ളത്തിങ്കൽ രാജനാണ് ക്ലീൻ കടവല്ലൂർ പാടം എന്ന പദ്ധതിയുമായി ശുചീകരണത്തിനിറങ്ങിയത്. റോഡിന്റെ ഇരുവശത്തുമുള്ള പാഴ്ച്ചെടികൾ വെട്ടിമാറ്റുകയും വർഷങ്ങളോളം പഴക്കമുള്ള മാലിന്യങ്ങൾ എടുത്തു മാറ്റുകയും ചെയ്തു.

തെങ്ങുകയറ്റ തൊഴിലാളിയായ രാജൻ ഒറ്റയ്ക്കാണു റോഡ് ശുചീകരിക്കാൻ ഇറങ്ങിയത്.കാലങ്ങളായി നാട്ടുകാരുടെ ആവശ്യമായിരുന്നു കടവല്ലൂർ പാടത്തിന്റെ ശുചീകരണം. 2 ജില്ലകളിൽ നിന്നും വാഹനങ്ങളിൽ എത്തിക്കുന്ന മാലിന്യങ്ങൾ തള്ളുന്നതിനാൽ പ്രദേശം മുഴുവൻ ദുർഗന്ധപൂരിതമായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ, കുന്നംകുളം എസ്ഐ വി.എസ്. സന്തോഷ്, പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ് എന്നിവർ ചേർന്നു വൃക്ഷത്തൈകൾ നട്ടു.

മാനംകണ്ടത്ത് മുഹമ്മദ് ഹാജിയാണു വൃക്ഷത്തൈകൾ നൽകിയത്. പാടത്ത് മാലിന്യങ്ങൾ തള്ളാൻ എത്തുന്നവരെ കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. മാലിന്യം തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തി പൊലീസിൽ അറിയിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു കുന്നംകുളം എസ്ഐ വി.എസ്. സന്തോഷ് പറഞ്ഞു. രാജനെ വിവിധ സംഘടനകൾ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com