ADVERTISEMENT

തൃപ്രയാർ ∙ നിയമസഭാ ടിക്കറ്റ് ആർക്കും സ്ഥിരമായി സമ്മാനിക്കാറില്ല, നാട്ടിക നിയോജകമണ്ഡലം. കോൾപ്പാടങ്ങളും കടൽ–കായലോരങ്ങളും നിറഞ്ഞ മണ്ഡലം സുസ്ഥിര വികസനം സമ്മാനിക്കുന്നവരെ പെട്ടെന്നു തള്ളിക്കളയാറുമില്ല. എന്നാൽ, ഇത്തവണ അടിയൊഴുക്കുകൾ കണ്ടറിഞ്ഞുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിലുള്ളത്. പ്രധാന മുന്നണി സ്ഥാനാർഥികളുടെയെല്ലാം കന്നിയങ്കം. പുതുമുഖങ്ങളെ മിക്കപ്പോഴും സ്വീകരിച്ച പാരമ്പര്യം മണ്ഡലത്തിനുണ്ട്. അതിനാൽ, പ്രതീക്ഷയോടെയാണ് സ്ഥാനാർഥികൾ അങ്കത്തട്ടിലുള്ളത്.

സി.സി. മുകുന്ദൻ (എൽഡിഎഫ്)

വോട്ടുകാര്യം
കർഷക–ചുമട്ടു തൊഴിലാളിയായിട്ടായിരുന്നു തന്റെ തുടക്കമെന്നു മുകുന്ദൻ. അതിനാൽ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുണ്ടാകും. നെല്ലു സംഭരിച്ചു അന്തിക്കാട് റൈസ് എന്ന പേരിൽ വിപണിയിലിറക്കും. കനോലി കനാൽ ടൂറിസം പദ്ധതി പരിഗണനയിലുണ്ട്. 

വീട്ടുകാര്യം
അന്തിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് രാധികയാണു ഭാര്യ. ലാബ് ടെക്നിഷ്യനായ നിനുവും സിവിൽ എൻജിനീയറിങ് ബിരുദധാരിയായ നിബയുമാണു മക്കൾ. വൈകിയാണെങ്കിലും സ്ഥാനാർഥിത്വം ലഭിച്ചതിൽ കുടുംബം സന്തോഷത്തിലാണ്. 

നാട്ടികയിലെ യുഡിഎഫ് സ്ഥാനാർഥി സുനിൽ ലാലൂർ പാറളം പഞ്ചായത്തിൽ നടത്തിയ പ്രചാരണത്തിൽ നിന്ന്.

സുനിൽ ലാലൂർ ( യുഡിഎഫ് )

വോട്ടുകാര്യം
കടലോര മേഖല കേന്ദ്രീകരിച്ചു മത്സ്യ ഹബ് ആദ്യ ലക്ഷ്യമെന്നു സുനിൽ. ക്ഷീര മേഖല, കോഴി വളർത്തൽ ഉൾപ്പെടെയുള്ള സ്വാശ്രയ തൊഴിലുകൾക്കായി പുതിയ പദ്ധതികൾ കൊണ്ടുവരും. വലപ്പാട് ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കും. 

വീട്ടുകാര്യം
പിതാവ് വാസു, അമ്മ ഭാരതി എന്നിവരുടെ പിന്തുണയോടെയാണു സുനിൽ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. കൊച്ചിയിലെ ജുഡീഷ്യൽ മജിസ്ട്രേട്ട് സുനിത രവീന്ദ്രൻ ആണു ഭാര്യ. 8 മാസം പ്രായമുള്ള ഹൃതിക് ആണ് മകൻ.

നാട്ടികയിലെ എൻഡിഎ സ്ഥാനാർഥി ലോജനൻ അമ്പാട്ട് പാറളം പഞ്ചായത്തിലെ ശിവപുരം കോളനിയിൽ നടത്തിയ പ്രചാരണം.

ലോജനൻ അമ്പാട്ട് (എൻഡിഎ)

വോട്ടുകാര്യം
കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് ആദ്യ പരിഗണനയെന്ന് ലോജനൻ. തൃപ്രയാർ –കൊച്ചി ജലഗതാഗതം പുനഃസ്ഥാപിക്കൽ, തൃപ്രയാർ ക്ഷേത്ര നഗരിയിൽ കേന്ദ്ര പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വികസനം, തൃപ്രയാർ ബസ് സ്റ്റാൻഡ്, മുനയം റഗുലേറ്റർ എന്നിവ യാഥാർഥ്യമാക്കും. 

വീട്ടുകാര്യം
കുടുംബത്തിന്റെ പിന്തുണയാണു കരുത്ത്. ഭാര്യ രേഖ നഴ്സാണ്. ഒന്നാം ക്ലാസുകാരി ആരാധ്യയും മൂന്നര വയസ്സുകാരി ശ്രീപത്മയും മക്കൾ. ശബ്ദം ഇടറാതിരിക്കാൻ തേനും ഇ‍ഞ്ചിയും നാരങ്ങയും ചേർത്ത മിശ്രിതം കഴിച്ചാണു  പ്രചാരണത്തിനിറങ്ങുന്നത്.

നാട്ടികയിലെ എംഎൽഎമാർ

കെ.എസ്. അച്യുതൻ (കോൺഗ്രസ് -1957), കെ.ടി. അച്യുതൻ (കോൺഗ്രസ്-1960) , സംവിധായകൻ രാമു കാര്യാട്ട് ( സിപിഎം സ്വതന്ത്രൻ- 1965‍ ), ടി.കെ.കൃഷ്ണൻ (സിപിഐ -1967), വി.കെ. ഗോപിനാഥൻ (എഎസ്പി-1970), പി.കെ. ഗോപാലകൃഷ്ണൻ (സിപിഐ-1977,80), സിദ്ധാർഥൻ കാട്ടുങ്ങൽ (1982), കൃഷ്ണൻ കണിയാംപറമ്പിൽ (സിപിഐ- 1987,91,96), ടി.എൻ.പ്രതാപൻ (കോൺഗ്രസ്-2001,2006), ഗീതാ ഗോപി (സിപിഐ- 2011, 2016).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com