വാക മരം വീണ് കാർ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Mail This Article
അരിമ്പൂർ∙ മഹാത്മാ ഗ്രന്ഥശാലയ്ക്കു സമീപം വാകമരം വീണ് കാർ പൂർണമായി തകർന്നു. ആർക്കും പരുക്കില്ല. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം. വേരുകൾ ദ്രവിച്ചു നിന്നിരുന്ന മരം കാറ്റിൽ കട മുറിഞ്ഞ് റോഡിനു കുറുകെ വീഴുകയായിരുന്നു. മരത്തിനു കീഴെ പാർക്ക് ചെയ്തിരുന്ന പുതുക്കാട് സ്വദേശി സി.ആർ. ജയരാജന്റെ കാറാണ് പൂർണമായും തകർന്നത്. റോഡിന്റെ മറു വശത്തു കൂടെ പോയിരുന്ന അരിമ്പൂർ കൈപ്പിള്ളിയിലെ അബുതാഹിറിന്റെ കാറിനും കേടുപറ്റി. സ്കൂട്ടർ യാത്രികനും അപകടത്തിൽ പെട്ടു. കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്ന് മരം വെട്ടി മാറ്റി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി.
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അരിമ്പൂരിൽ ഒഴിവായത് ദുരന്തം. റോഡരികിൽ കാർ പാർക്ക് ചെയ്ത് ഉടമ സി.ആർ.ജയരാജൻ പുറത്തിറങ്ങി 5 മിനിറ്റായപ്പോഴാണ് മരം വീണത്. പഞ്ചായത്തിലെ നീർത്തട സംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവ.അംഗീകൃത ഏജൻസിയുടെ ഡയറക്ടറായ ജയരാജൻ. ഓടിക്കൊണ്ടിരുന്ന മറ്റൊരു കാറിന്റെ മുകളിൽ മരം വീണെങ്കിലും ഓടിച്ചിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തിരക്കുള്ള റോഡാണെങ്കിലും മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും മൂലം ദുരന്തം ഒഴിവായി.