കയ്യും കണക്കുമില്ലാതെ ചെലവ്; 839 സ്ഥാനാർഥികൾ അയോഗ്യർ
Mail This Article
തൃശൂർ ∙ ജില്ലയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിനു ചെലവാക്കിയ പണത്തിന്റെ കണക്കു സമർപ്പിക്കാത്ത 839 സ്ഥാനാർഥികൾക്ക് അയോഗ്യത. പരിധിവിട്ട് പണം ചെലവാക്കിയവരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യതാ പട്ടികയിൽ ഉൾപ്പെടുത്തി. ജയിച്ച സ്ഥാനാർഥികൾ ഇക്കൂട്ടത്തിലുണ്ടോ എന്ന വിവരം വ്യക്തമായിട്ടില്ല. ഉണ്ടെങ്കിൽ ഇവരും അയോഗ്യരാക്കപ്പെടും. ഇവരടക്കം പട്ടികയിൽ ഉൾപ്പെട്ടവർക്കൊന്നും അടുത്ത 5 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഫലപ്രഖ്യാപന തീയതിക്കു ശേഷം 30 ദിവസത്തിനകം ചെലവു കണക്കു കമ്മിഷനു സമർപ്പിക്കണമെന്നാണു വ്യവസ്ഥ.
ജില്ലയിൽ കോർപറേഷനിലേക്കു മത്സരിച്ച 41 പേർ, നഗരസഭകളിലേക്കു മത്സരിച്ച 141 പേർ, ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ച 3 പേർ, ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ച 63 പേർ, പഞ്ചായത്തുകളിലേക്കു മത്സരിച്ച 591 പേർ എന്നിവർ അയോഗ്യതാ പട്ടികയിൽ ഉൾപ്പെട്ടു. ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1.50 ലക്ഷം രൂപയാണു സ്ഥാനാർഥികൾക്കു ചെലവഴിക്കാവുന്ന തുക. ബ്ലോക്കിലും നഗരസഭയിലും 75,000 രൂപയും പഞ്ചായത്തിൽ 25,000 രൂപയുമാണു പരിധി.