വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ
Mail This Article
വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരം വർധിപ്പിക്കൽ ഉൾപ്പെടെയുള്ള നവീകരണ ജോലികൾ ഇഴയുന്നു. കഴിഞ്ഞവർഷം ഒക്ടോബറിലാണു 1.6 കോടി രൂപയുടെ നവീകരണ ജോലികൾ ആരംഭിച്ചത്. 12 മാസം കൊണ്ട് എല്ലാ പണികളും പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. 13 മാസമായിട്ടും പാതി പ്രവൃത്തികൾ പോലും പൂർത്തിയായില്ല.രണ്ടാം പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് ഒട്ടേറെ അപകടങ്ങൾക്കും യാത്രക്കാരുടെ മരണങ്ങൾക്കും ഇടയാക്കിയിരുന്നു.
30 സെന്റീമീറ്റർ മാത്രം ഉയരമുണ്ടായിരുന്ന രണ്ടാം പ്ലാറ്റ്ഫോം 85 സെന്റി മീറ്ററിലേക്ക് ഉയർത്തലും ടൈൽസ് പതിക്കൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, പ്ലാറ്റ്ഫോമിലെ മേൽക്കൂര ദീർഘിപ്പിക്കൽ തുടങ്ങിയ ജോലികളും നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.പ്ലാറ്റ്ഫോം ഉയർത്തൽ മാത്രമാണു നടന്നത്. അതിനു പിന്നാലെ റെയിൽപാളം 10 സെന്റീമീറ്റർ ഉയർത്തിയതോടെ ഫലത്തിൽ പ്ലാറ്റ്ഫോമിന്റെ ഉയരം 75 സെന്റീമീറ്ററായി. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ നവീകരണം ഏറ്റെടുത്ത കരാറുകാരൻ തന്നെയാണു ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെയും കരാറുകാരൻ.
മേൽപാലം പണി വേഗത്തിലാക്കാൻ വടക്കാഞ്ചേരിയിലെ തൊഴിലാളികളെ ഏതാണ്ട് മുഴുവനായും ഗുരുവായൂരിലേക്കു കൊണ്ടു പോയതാണ് സ്റ്റേഷനിലെ പണികൾ ഇഴയാൻ കാരണമായി പറയുന്നത്. പ്ലാറ്റ്ഫോം പണിക്കായി ഇറക്കിയ മണ്ണ് പ്ലാറ്റ്ഫോമിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇരിപ്പിടങ്ങളുമില്ല. ഇതുമൂലം രണ്ടാം പ്ലാറ്റ്ഫോമിൽ എത്തുന്ന യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.