ചാലക്കുടി താലൂക്ക് അദാലത്ത്; തീർപ്പാക്കിയത് ഒന്നു മാത്രം
Mail This Article
ചാലക്കുടി ∙ താലൂക്ക് ‘ജനസമക്ഷം’ പരാതിപരിഹാര അദാലത്തിൽ കലക്ടർ ഹരിത വി. കുമാർ നേരിട്ടു തീർപ്പാക്കിയത് ഒറ്റ പരാതി മാത്രം. ഇതാകട്ടെ കേറ്ററിങ് സ്ഥാപനത്തെ നഗരസഭയുടെ വാടക കെട്ടിടത്തിൽ നിന്നു ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതി, അദാലത്തിൽ പരിഗണിക്കേണ്ടതല്ലെന്നു തീർപ്പാക്കി തള്ളുകയായിരുന്നു. ആകെ 84 അപേക്ഷകളാണു പരിഗണിച്ചതെങ്കിലും ശേഷിച്ച പരാതികളെല്ലാം തുടർ നടപടികൾക്കായി മാറ്റിവച്ചു.
റവന്യു, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹിക നീതി - വനിതാ ശിശു വികസനം, ജലസേചനം, ജല അതോറിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണു അദാലത്തിൽ പരിഗണിച്ചത്. റവന്യു - 49, പൊതുമരാമത്ത് (റോഡ്സ് വിഭാഗം) - 1, ജലസേചനം - 3, സിവിൽ സപ്ലൈസ് -1, ജല അതോറിറ്റി - 2, വിദ്യാഭ്യാസം -1, തദ്ദേശ സ്വയംഭരണം - 19, മറ്റു വകുപ്പുകൾ - 8 എന്നിങ്ങനെയാണു ലഭിച്ച അപേക്ഷകളുടെ വകുപ്പ് തിരിച്ചുള്ള എണ്ണം.
പരാതികൾ പരിശോധിച്ച് അടുത്ത അദാലത്തിനു മുൻപു വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു. മറ്റൊരു അദാലത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ, ഇരിങ്ങാലക്കുട ആർഡിഒ എം.കെ. ഷാജി, തഹസിൽദാർ ഇ.എൻ. രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.