ADVERTISEMENT

ഗുരുവായൂർ ∙ സംസ്ഥാന സ്കൂൾ കലോത്സവം ആരംഭിക്കാൻ 3 ദിവസം ശേഷിക്കെ ജേതാക്കൾക്കു സമ്മാനിക്കാനുള്ള ട്രോഫികൾ മറ്റത്ത് ഒരുങ്ങുന്നു. ജനുവരി 3ന് ആരംഭിക്കുന്ന കലോത്സവത്തിൽ എ ഗ്രേഡ് ലഭിക്കുന്നവർക്കു സമ്മാനിക്കാനുള്ള 12,000ലേറെ മെമന്റോകൾ, 36 വലിയ ട്രോഫികൾ, 25 ഇടത്തരം ട്രോഫികൾ എന്നിവയാണ് മറ്റം ട്രിച്ചൂർ ട്രോഫീസ് ഫാക്ടറിയിൽ തയാറാകുന്നത്. കലോത്സവം ആരംഭിക്കുന്നതിനു മുൻപായി ഇവ കോഴിക്കോട്ടെ വേദിയിലെത്തും.

കലോത്സവത്തിന്റെ ട്രോഫി കമ്മിറ്റി കൺവീനർ പി.പി. ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മറ്റത്തെത്തി ട്രോഫികളുടെ അവസാന മിനുക്കു പണികൾ പരിശോധിച്ചു മടങ്ങി. 2ന് കോഴിക്കോട് ബിഎം എച്ച്എസ്എസിൽ ട്രോഫികൾ എത്തിച്ചു പ്രദർശിപ്പിക്കും. സ്വർണക്കപ്പിന്റെയും 2 വെള്ളിക്കപ്പുകളുടെയും മാതൃക, ഓവറോൾ ചാംപ്യൻഷിപ് നേടിയവർക്കുള്ള 36 വലിയ ട്രോഫികൾ,

സാംസ്കാരിക പരിപാടി അവതരിപ്പിക്കുന്നവർക്കുള്ള 25 ട്രോഫികൾ എന്നിവയും ഇവിടെയാണ്  തയാറാക്കുന്നത്. വർഷങ്ങളായി സ്കൂൾ, കോളജ് കലോത്സവങ്ങൾക്കു ട്രോഫി തയാറാക്കുന്നതു മറ്റത്തെ ട്രിച്ചൂർ ട്രോഫീസ് എന്ന സ്ഥാപനമാണ്. സ്കൂൾ കലോത്സവത്തിന്റെ പ്രധാന ആകർഷണമായ സ്വർണക്കപ്പിന്റെ കൂറ്റൻ മാതൃക മാനാഞ്ചിറ മൈതാനിയിൽ സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞതായി പി.പി. ഫിറോസ് പറഞ്ഞു.

ട്രോഫി മാത്രമല്ല, 1000 രൂപയുമുണ്ട്

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് മെമന്റോ മാത്രമല്ല, 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി നൽകുന്നുമുണ്ട്. അടുത്ത കലോൽസവമെത്തുമ്പോഴേക്കും ഈ തുക ഉയർത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. 239 ഇനങ്ങളിലായാണു കലോൽസവത്തിലെ മത്സരങ്ങൾ അരങ്ങേറുന്നത്.

14,000 വിദ്യാർഥികൾ പങ്കെടുക്കും. ഹൈസ്കൂൾ വിഭാഗത്തിൽ 96 മത്സരങ്ങൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 105 മത്സരങ്ങൾ, സംസ്കൃതോൽസവത്തിൽ 19 മത്സരങ്ങൾ, അറബിക് കലോൽസവത്തിൽ 19 മത്സരങ്ങൾ എന്നിവയും നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com