പാഡിയിലേക്കുള്ള വഴി ഇനി ‘കലാഭവൻ മണി റോഡ് ’; ജന്മദിനത്തിൽ പേരിട്ടു നഗരസഭ
Mail This Article
ചാലക്കുടി ∙ കലാഭവൻ മണിയുടെ ജന്മദിനത്തിൽ ചേനത്തുനാട്ടിലെ പാഡിയിലേക്കുള്ള റോഡിന് നഗരസഭ കലാഭവൻ മണിയുടെ പേരിട്ടു. മണിയുടെ വിശ്രമ കേന്ദ്രമായിരുന്ന പാഡിയിലേക്കുള്ള റോഡിനാണു ‘കലാഭവൻ മണി പാഡി റോഡ്’ എന്ന പേരു നഗരസഭ നൽകിയത്. കലാഭവൻ മണി ഒഴിവു ദിവസങ്ങളിൽ കൂടുതൽ സമയം ചെലവിട്ടിരുന്നതും സിനിമ അടക്കമുള്ള ചർച്ചകൾക്ക് വേദിയാക്കിയിരുന്നതും ചാലക്കുടിപ്പുഴയോരത്തെ ജാതിമരങ്ങൾ നിറഞ്ഞുനിൽക്കുന്ന പാഡിയായിരുന്നു. കലാ,കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഒരു കാലത്ത് ഇവിടത്തെ സ്ഥിരം സന്ദർശകരുമായിരുന്നു. മണിപാടി ഹിറ്റാക്കിയ പല നാടൻപാട്ടുകളും ഈ പാഡിയിലിരുന്നാണു ചിട്ടപ്പെടുത്തിയത്.
മണിയുടെ മരണശേഷം സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നുള്ള ആരാധകരും ഇവിടെയെത്തുന്നത് പതിവായി. എന്നാൽ ദിശാ ബോർഡില്ലാതിരുന്നതിനാൽ പലർക്കും കിലോമീറ്റുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് കൗൺസിലർ വി.ജെ. ജോജി പാഡിലേക്കുള്ള റോഡിനു കലാഭവൻ മണി പാഡി റോഡ് എന്ന് നാമകരണം ചെയ്യണമെന്ന പ്രമേയം നഗരസഭ കൗൺസിലിൽ ഉന്നയിച്ചത്. സൂചനാ ബോർഡിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സുന്ദർദാസ് നിർവഹിച്ചു. നഗരസഭ കൗൺസിലർ വി.ജെ.ജോജി അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർ തോമസ് മാളിയേക്കൽ, ബിജു ചാലക്കുടി, കലാഭവൻ ജോബി, കലാഭവൻ ആന്റോ,സാജൻ പടിക്കല എന്നിവർ പ്രസംഗിച്ചു.