അമൃത ഭാരത് റെയിൽവേ നവീകരണ പദ്ധതി; ഇരിങ്ങാലക്കുട സ്റ്റേഷൻ പുറത്ത്
Mail This Article
ഇരിങ്ങാലക്കുട ∙ അമൃത ഭാരത് നവീകരണ പദ്ധതിയിൽ നിന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പുറത്തായി. ദക്ഷിണ റെയിൽവേ കേരളത്തിൽ നിന്നു തിരഞ്ഞെടുത്ത 26 സ്റ്റേഷനുകളുടെ പട്ടികയിൽ നിന്നാണ് ഇരിങ്ങാലക്കുട പുറത്തായത്. ജില്ലയിൽ നിന്ന് ചാലക്കുടി, ഗുരുവായൂർ സ്റ്റേഷനുകൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടും സ്റ്റേഷനോടുള്ള അവഗണന കാലങ്ങളായി തുടരുകയാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ട്രെയിനുകളുടെ നിലവിലുണ്ടായിരുന്ന സ്റ്റോപ്പ് എടുത്ത് കളഞ്ഞതും സ്റ്റേഷനെ പിറകോട്ടടിക്കുകയാണ്. ട്രെയിനുകളുടെ രാത്രി സ്റ്റോപ്പ് നിർത്തലാക്കിയതോടെ യാത്രക്കാർ തൃശൂരിൽ ഇറങ്ങി ബസ് കയറി ഇരിങ്ങാലക്കുടയിലേക്കു വരേണ്ട അവസ്ഥയാണ്. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ കന്റീൻ അനുവദിക്കണമെന്ന ആവശ്യത്തിനു നേരെ റെയിൽവേ കണ്ണ് തുറന്നിട്ടില്ല. 5 ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് കുറച്ചുകാലത്തിനുള്ളിൽ എടുത്ത് കളഞ്ഞത്.
പാലരുവി, ഏറനാട്, നേത്രാവതി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം അധികൃതർ കണ്ട മട്ടില്ല. റെയിൽവേ സ്റ്റേഷൻ വളപ്പിലെ മരങ്ങളിൽ ചേക്കേറിയ പക്ഷികളുടെ കാഷ്ഠത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രധാന കവാടം മുതൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ട്രസ് മേൽക്കൂര നിർമിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്കും ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിനും പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാക്കൾക്ക് കത്ത് നൽകിയിരിക്കുകയാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനെന്നു പ്രസിഡന്റ് ഷാജു ജോസഫ് പറഞ്ഞു.