ചാവക്കാട് വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ ആൾപ്പൂരം
Mail This Article
ചാവക്കാട്∙ ആൾക്കടൽ അലയടിച്ചു വന്നപ്പോൾ ആൾത്തിരക്കുകൊണ്ട് ചരിത്രത്തിലിടം നേടി വിശ്വനാഥ ക്ഷേത്രം ഉത്സവം. ശ്രീനാരായണ ഗുരു പാദസ്പർശത്താൽ പവിത്രമായ വിശ്വനാഥ ക്ഷേത്രത്തിൽ ഉത്സവത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ആദ്യമായാണ് രാത്രിയിൽ കൂട്ടിയെഴുന്നള്ളിപ്പ് നടത്തിയത്. വൈകിട്ട് 6.30ന് അവസാനിക്കുന്ന പകൽ പൂരമായിരുന്നു ക്ഷേത്രത്തിൽ മുൻ വർഷങ്ങളിൽ നടത്തിയിരുന്നതെങ്കിൽ ഇക്കുറി വൈകിട്ട് 6.40 മുതൽ ആരംഭിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം.
കനത്ത ചൂടിൽ നിന്നു രക്ഷനേടിയെത്തിയ പൂരപ്രേമികൾ മുഴുവൻ ആവേശവുമായാണ് ആഘോഷത്തിൽ പങ്കാളികളായത്. ക്ഷേത്രത്തിലേക്ക് ഓരോ കമ്മിറ്റികളും സമയം പാലിച്ച് കടന്നുവന്നു. അവസാനത്തെ കമ്മിറ്റിയെത്തുമ്പോൾ സമയം 8.20. ക്ഷേത്രാങ്കണത്തിൽ ആനകൾ നിരന്നപ്പോൾ പുലിക്കളിയും വർണക്കാവടികളും തെയ്യവും തിറയും നാടൻ കലാരൂപങ്ങളും നിറഞ്ഞാടി. വലിയപുരക്കൽ ആര്യനന്ദൻ തിടമ്പേറ്റി. വലതു ഭാഗത്തായി നിന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനപ്രേമികളുടെ ആവേശം ഉയർത്തി.
ശങ്കരപുരം പ്രകാശൻ മാരാരും, തിരുവല്ല രാധാകൃഷ്ണനും, ഗുരുവായൂർ ശശി മാരാരും, ഗുരുവായൂർ മുരളിയും പഞ്ചവാദ്യം, ചെണ്ടമേളം, നാഗസ്വരം എന്നിവയിൽ വിസ്മയം തീർത്തപ്പോൾ ആസ്വാദകർക്ക് മറ്റൊരു വിരുന്നായി. രാവിലെ മുതൽ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തി, മേൽശാന്തി എം.കെ.ശിവാനന്ദൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
കോഴിക്കുളങ്ങര, ദൃശ്യ, പുഞ്ചിരി, ശ്രീബ്രഹ്മ, തൃലോക്, സനാതന, ശ്രീശിവലിംഗദാസ, സമന്വയ, ശ്രീഗുരുദേവ, തത്ത്വമസി, ശ്രിഗുരുശക്തി, മഹേശ്വര, ശ്രീനാരായണ സംഘം മടേകടവ് തുടങ്ങിയ ഉത്സവ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ കൊണ്ടുവന്നത്. ഭാരവാഹികളായ പ്രഫ.സി.സിവിജയൻ, കെ.ആർ.രമേഷ്, കെ.എ.വേലായുധൻ, എൻ. ജി. പ്രവീൺകുമാർ, കെ.എൻ.പരമേശ്വരൻ, എ.എ.ജയകുമാർ, കെ.കെ.സതീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.