ADVERTISEMENT

തൃശൂർ∙ നഗരത്തിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ശക്തൻ തമ്പുരാന്റെ സ്മാരകത്തിൽ വിളക്കു കൊളുത്തി, പുഷ്പങ്ങളർപ്പിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ നേതാവുമായ അമിത് ഷാ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അടിത്തറയൊരുക്കി.  തൃശൂരിലെ പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ സ്മാരകത്തിനു വലം വച്ച അദ്ദേഹം ശക്തന്റെ തട്ടകത്തിന്റെ മനസ്സ് കീഴടക്കി. ആദ്യമായാണു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ശക്തൻ തമ്പുരാൻ സ്മാരകത്തിലെത്തുന്നത്.

തൃശൂരിലെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ ശക്തൻ പാലസിലെ ശക്തൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വന്ദിക്കുന്നു. ഷോഗൻ രാജു, അനുപ് ശങ്കർ, ജി.രാജേഷ്, പെരുവനം കുട്ടൻ മാരാർ, വിദ്യാധരൻ, ഡോ.ലക്ഷ്മിശങ്കർ, ഡോ.ലക്ഷ്മി കുമാരി, അജിത് കുമാർ രാജ, സ്വാമി സുധീർ ചെതന്യ, കെ.കെ.അനീഷ്കുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, പ്രകാശ് ജാവഡേക്കർ, ബി.ഗോപാലകൃഷ്ണൻ, സ്വാമി സദ്ഭവാനന്ദ, മോൺ. ജോസ് കോനിക്കര, സ‌ുന്ദർ മേനോൻ, കെ.പോൾ തോമസ്, ഔസേപ്പച്ചൻ, രാജേഷ് കല്യാണരാമൻതുടങ്ങിയവർ സമീപം.  ചിത്രം: മനോരമ
തൃശൂരിലെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ ശക്തൻ പാലസിലെ ശക്തൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വന്ദിക്കുന്നു. ഷോഗൻ രാജു, അനുപ് ശങ്കർ, ജി.രാജേഷ്, പെരുവനം കുട്ടൻ മാരാർ, വിദ്യാധരൻ, ഡോ.ലക്ഷ്മിശങ്കർ, ഡോ.ലക്ഷ്മി കുമാരി, അജിത് കുമാർ രാജ, സ്വാമി സുധീർ ചെതന്യ, കെ.കെ.അനീഷ്കുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, പ്രകാശ് ജാവഡേക്കർ, ബി.ഗോപാലകൃഷ്ണൻ, സ്വാമി സദ്ഭവാനന്ദ, മോൺ. ജോസ് കോനിക്കര, സ‌ുന്ദർ മേനോൻ, കെ.പോൾ തോമസ്, ഔസേപ്പച്ചൻ, രാജേഷ് കല്യാണരാമൻതുടങ്ങിയവർ സമീപം. ചിത്രം: മനോരമ

ഇത് തൃശൂരിന്റെ മനസ്സ് പിടിക്കാനുള്ള നീക്കമാണെന്നു ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കി.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അമിത് ഷാ തൃശൂർ ശക്തൻ മ്യുസിയത്തിന്റെ പറമ്പിൽ ശക്തൻ തമ്പുരാന്റെ സ്മൃതി കുടീരത്തിലെത്തിയത്. സ്മാരകം വൃത്തിയാക്കി പൂക്കൾക്കൊണ്ട് അലങ്കരിച്ചിരുന്നു. ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനായിരുന്നു പരിപാടിയുടെ സംഘാടകൻ.

Also read: ആലപ്പുഴ ദേശീയപാതയുടെ വികസനം പൂർത്തിയായാൽ യൂറോപ്പിന്റെ സൗന്ദര്യം പോലെ; കാണാൻ തീർഥാടനം പോലെ ആളെത്തും

പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ തിരി തെളിച്ചു നൽകി.  ഇതിൽ നിന്നാണു നിലവിളക്കിൽ തിരി കൊളുത്തിയത്. അമിത് ഷായ്ക്കൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പ്രകാശ് ജാവഡേക്കർ, കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ തുടങ്ങിയവരുമുണ്ടായിരുന്നു. സ്മൃതികുടീരത്തിൽ കാത്തുനിന്ന അതിരൂപത വികാരി ജനറൽ മോൺ.

ജോസ് കോനിക്കര, മുൻ എം.പി.സുരേഷ് ഗോപി, ഇസാഫ് എം.ഡി.പോൾ തോമസ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, ചിന്മയ മിഷൻ യൂത്ത് കോ ഓഡിനേറ്റർ സ്വാമി സുധീർ ചൈതന്യ, ഗായകൻ അനൂപ് ശങ്കർ, സംഗീത സംവിധായകരായ ഒൗസേപ്പച്ചൻ, വിദ്യാധരൻ, രതീഷ് വേഗ, മേള കലാകാരൻ പെരുവനം കുട്ടൻ മാരാർ, കല്യാൺ ജ്വല്ലേഴ്സ് എം.ഡി. ടി.എസ്.കല്യാണരാമൻ, ഡയറക്ടർ രാജേഷ് കല്യാണരാമൻ, കല്യാൺ സിൽക്സ് എം.ഡി. ടി.എസ്. പട്ടാഭിരാമൻ, ജൂബിലി മിഷൻ ആശുപത്രി സിഇഒ. ബെന്നി നീലങ്കാവിൽ, ശക്തൻ കോളജ് പ്രിൻസിപ്പൽ അജിത് കുമാർ രാജ, ആർഎസ്എസ് വിഭാഗ് സംഘചാലക് കെ. എസ്. പദ്മനാഭൻ, ഷോഗൺ രാജു, ഡോ.ലക്ഷ്മി ശങ്കർ, ലക്ഷ്മി കുമാരി എന്നിവർ അമിത് ഷായുമായി ആശയവിനിമയം നടത്തി.

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി ജനശക്തി റാലിയുടെ സദസ്.       ചിത്രം: മനോരമ
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപി ജനശക്തി റാലിയുടെ സദസ്. ചിത്രം: മനോരമ

സുരേഷ് ഗോപി സ്ഥാനാർഥി; ഉറപ്പിച്ച് അമിത് ഷാ

തൃശൂർ∙ ഇന്നലെ തൃശൂരിൽ ബിജെപി ദേശീയ നേതാവ് അമിത് ഷായുടെ വരവും അതിൽ പങ്കെടുത്ത അണികളുടെ പ്രതികരണവും ഉറപ്പിച്ചത് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം തന്നെ. ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചനയ്ക്ക് അമിത് ഷാ എത്തിയപ്പോൾ അവിടെ തൃശൂരിലെ പൗരപ്രമുഖരുടെയൊപ്പം സുരേഷ് ഗോപിയുടെ സാന്നിധ്യം ശ്രദ്ധേയമായി. സുരേഷ് ഗോപിയുടെ കൈ പിടിച്ചും തോളിൽത്തട്ടിയും അമിത് ഷാ താൽപര്യം വ്യക്തമാക്കി.

Also read: കുമരകത്തിന്റെ മുഖഛായ മാറ്റാൻ ജി–20 ഉച്ചകോടി സമ്മേളനം: വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടക്കാത്ത നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ

തൃശൂരിലെ പൊതുസമ്മേളനവേദിയിൽ അമിത് ഷായ്ക്കു മുൻപേ സുരേഷ് ഗോപിയെ പ്രസംഗിക്കാൻ വിളിച്ചതും രാഷ്ട്രീയ നീക്കമാണ്. സുരേഷ് ഗോപിയോട് അണികൾക്കുള്ള വികാരമെന്തെന്ന് നേരിട്ടറിയാൻ അമിത് ഷായ്ക്ക് ഇതിലൂടെ കഴിഞ്ഞു. വലിയ കയ്യടിയും പിന്തുണയുമാണ് സുരേഷ് ഗോപിക്കു ലഭിച്ചത്. സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ വരികൾ സ്ഥാനാർഥിത്വം ഉറപ്പിച്ചതിന്റെ പരോക്ഷമായ വെളിപ്പെടുത്തലായി.

‘ഇത്തവണ തൃശൂർ എനിക്കു തരണം, നിങ്ങൾ തന്നാൽ ഞാനതെടുക്കുക തന്നെ ചെയ്യും’ എന്ന പ്രഖ്യാപനം അക്ഷരാർഥത്തിൽ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം തന്നെയായി. ‘ കണ്ണൂർ തരൂ. സിപിഎമ്മിന്റെ അടിത്തറ നമ്മൾ ഇളക്കണം’ എന്ന വാക്കുകളാകട്ടെ പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്ന, അമിത് ഷായ്ക്കു മുന്നിലുള്ള പ്രഖ്യാപനവുമായി.

തൃശൂരിൽ സുരേഷ് ഗോപിയെത്തന്നെ സ്ഥാനാർഥിയാക്കാമെന്ന പൊതു ധാരണയാണു രാത്രി നടന്ന നേതൃസംഗമത്തിലുമുണ്ടായത്. വേദിയിൽ ലഭിച്ച പിന്തുണ ഈ തീരുമാനത്തിന് ആക്കം കൂട്ടി. കേരളത്തിൽ ഒരു സീറ്റെങ്കിലും പിടിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണ ബിജെപിക്കുള്ളത്. അവർ മുന്നിൽ കാണുന്നത് തൃശൂർ സീറ്റ് തന്നെ. അതിനാലാണ് തൃശൂരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് അമിത് ഷാ തന്നെ നേരിട്ടെത്തി തുടക്കം കുറിച്ചത്.

ലേറ്റസ്റ്റായി വന്ന്, ലേലം ശൈലിയിൽ

വേദിയെ ഇളക്കിമറിച്ച് സുരേഷ് ഗോപി; തീപ്പൊരി വാക്കുകളുമായി പ്രസംഗം

തൃശൂർ ∙ ലേറ്റ് ആയ‍ാണു വന്നതെങ്കിലും ലേറ്റസ്റ്റ് ആയി വേദിയിൽ തീപ്പൊരി വീഴ്ത്തി സുരേഷ് ഗോപി. ലേലം സിനിമയെക്കുറിച്ചു പരാമർശിച്ചു കയ്യടി നേടിയ സുരേഷ് ഗോപിയുടെ പ്രസംഗം മൊത്തത്തിൽ ‘മാസ്’ ഡയലോഗുകൾ നിറഞ്ഞതായി. തെക്കേ ഗോപുരനടയിലെ പൊതുസമ്മേളന വേദിയിലേക്ക് അമിത് ഷാ എത്തുന്നതിന് ഏറെ നേരം മുൻപേ സംസ്ഥാന, ദേശീയ നേതാക്കളെല്ലാം വേദിയിൽ ഇടംപിടിച്ചിരുന്നു, സുരേഷ് ഗോപി ഒഴികെ.

ദേശീയ വക്താവ് പ്രകാശ് ജാവഡേക്കറിനും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ന‍ടുവിലേക്ക് അമിത് ഷാ ആരവമുയർത്തിക്കൊണ്ടു കടന്നുവന്നപ്പോഴും ജനം തിരഞ്ഞതു സുരേഷ് ഗോപിയെ. സ്വാഗത പ്രസംഗത്തിലും കെ. സുരേന്ദ്രന്റെ അധ്യക്ഷ പ്രസംഗത്തിലും സുരേഷ് ഗോപിയുടെ പേരു പരാമർശിച്ചപ്പോൾ സദസ്സിൽ മറ്റാർക്കും ലഭിക്കാത്ത കയ്യടിയും ആവേശവുമുണ്ടായി.

കെ. സുരേന്ദ്രന്റെ പ്രസംഗം ചൂടുപിടിച്ചു തുടങ്ങിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ വരവ്. വേദിക്ക് ഏറെ ദൂരെ നിന്നു സുരേഷ് ഗോപി നടന്നടുക്കാൻ തുടങ്ങിയപ്പോൾ തന്നെ ആരവം തുടങ്ങി. സുരേന്ദ്രന് ഒരുനിമിഷം പ്രസംഗം നിർത്തേണ്ടിവന്നു. വേദിയിലേക്കു കയറിയ സുരേഷ് ഗോപി സദസ്സിനു നേർക്കു കൈ ഉയർത്തി അഭിവാദ്യം അർപ്പിച്ചപ്പോഴേക്കും സദസ് ഇളകിമറിഞ്ഞു.

കാത്തിരുന്ന അമിത് ഷാ അടക്കം എല്ലാവരുടെയും സ്നേഹാദരം ഏറ്റുവാങ്ങി വേദിയുടെ നടുവിലെത്തി. അമിത് ഷായ്ക്കു ഷാൾ അണിയിച്ചു. അധ്യക്ഷ പ്രസംഗത്തിനു ശേഷം ഉദ്ഘാടന പ്രസംഗമെന്ന പതിവിൽ മൈക്ക് ഏറ്റെടുക്കാൻ അമിത് ഷായ്ക്ക് ഔദ്യോഗിക ക്ഷണമെത്തിയെങ്കിലും ഷാ നിരാകരിച്ചു. സുരേഷ് ഗോപിയെ പ്രസംഗത്തിനായി ക്ഷണിക്കാൻ നിർദേശിച്ചു.

ഇതോടെ ആരവം ഉച്ചസ്ഥായിയിലായി. അമിത് ഷായ്ക്കു സ്വാഗതമെന്നോണം ഹിന്ദിയിൽ ഏതാനും വാചകങ്ങൾ. പ്രസംഗം മലയാളത്തിലേക്കു മാറിയതോടെ ‘ടോൺ’ മാറി. ഇരട്ടച്ചങ്ക് എന്ന വിശേഷണത്തെ സുരേഷ് ഗോപി പരിഹസിച്ചപ്പോൾ വൻ കരഘോഷമുയർന്നു. ലേലം സിനിമയിലാണ് ഇരട്ടച്ചങ്കെന്നും ഇപ്പോഴുള്ളത് ഓട്ടച്ചങ്കാണെന്നും ‘ആനക്കാട്ടിൽ ചാക്കോച്ചി’ ശൈലിയിൽ സുരേഷ് ഗോപി പൊട്ടിത്തെറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com