ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരതിൽ, 12 കോടിയുടെ വികസനം; റെയിൽ ബസ് വേണമെന്ന് ദേവസ്വം
Mail This Article
ഗുരുവായൂർ ∙ റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്നും ഒന്നര വർഷത്തിനുള്ളിൽ 12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും റെയിൽവേ പബ്ലിക് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ പരിശോധിക്കുന്നതിനായി അമിനിറ്റീസ് കമ്മിറ്റിയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 11 അംഗങ്ങൾക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
പദ്ധതിയുടെ കൺസൽറ്റൻസിയെ നിയമിച്ചു. അടുത്ത മാസം ടെൻഡർ നടക്കും. ഡിസംബറിൽ ഒന്നാം ഘട്ടം പൂർത്തിയാകും. 2024 മേയിൽ പദ്ധതി പൂർത്തിയാകും. ആധ്യാത്മിക ടൂറിസത്തിന് പ്രാധാന്യം നൽകി ഗുരുവായൂരിന്റെ വികസനം വേഗത്തിലാക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്ക് ലിഫ്റ്റ് സംവിധാനത്തോടെ ഫുട് ഓവ്രബ്രിജ് നിർമിക്കും.
3 പ്ലാറ്റ് ഫോമിനും മേൽക്കൂര, കൂടുതൽ ഇരിപ്പിടങ്ങൾ, പാർക്കിങ് വിപുലീകരണം, കൂടുതൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശുദ്ധജലലഭ്യത, വെളിച്ചം എന്നിവ ഉറപ്പാക്കും. വൈകിട്ട് 5.10ന് പുറപ്പെട്ടിരുന്ന തൃശൂർ പാസഞ്ചറും 6.35ന് തൃശൂരിൽനിന്ന് തിരിക്കുന്ന ഗുരുവായൂർ പാസഞ്ചറും പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടും. തിരുനാവായ പാത റെയിൽവേയുടെ പരിഗണനയിൽ ആയിക്കഴിഞ്ഞു. കേരളത്തിലെ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത 130 – 160 കിലോമീറ്റർ ആക്കുന്ന വിധം ട്രാക്കിലെ വളവുകൾ നികത്തും.
ഗുരുവായൂർ – തൃശൂർ റൂട്ടിൽ റെയിൽ ബസ് വേണം: ദേവസ്വം
ഗുരുവായൂർ ∙ തൃശൂർ – ഗുരുവായൂർ റൂട്ടിൽ ഓരോ മണിക്കൂർ ഇടവിട്ട് റെയിൽ ബസ് സർവീസോ മെമു ട്രെയിൻ സർവീസോ ആരംഭിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി.ജി.രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. 200 പേർക്ക് യാത്രചെയ്യാവുന്ന റെയിൽ ബസ്, 5 ബോഗികളുള്ള മെമു ട്രെയിൻ എന്നിവ ഇരു ദിശകളിലും ഓടുമെന്നതിനാൽ ഷണ്ടിങ് വേണ്ടിവരില്ലെന്ന സൗകര്യവുമുണ്ട്.