ADVERTISEMENT

കുട്ടികൾ ചോദിച്ചത് അവധി; കിട്ടി ‘സ്മാർട് സർപ്രൈസ് ’ 

തൃശൂർ∙ കുട്ടികളുടെ കലക്ടർ മാമൻ എന്നു പേരെടുത്ത കൃഷ്ണതേജ കലക്ടറായി ചുമതലയേറ്റ ആദ്യ ദിവസം കലക്ടറുടെ ഫെയ്സ്ബുക് ഇൻബോക്സിൽ ‘നാളെ അവധി തരുമോ?’ എന്നു ചോദിച്ചു കുട്ടികൾ അയച്ചത് നൂറുകണക്കിനു സന്ദേശങ്ങൾ. രാവിലെ മുതൽ കുട്ടികൾ അവധി ചോദിച്ചു തുടങ്ങി. അവധി കൊടുത്തില്ലെങ്കിലും സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചു കലക്ടർ. കലക്ടറുടെ മറുപടി ഇങ്ങനെ: പ്രിയ കുട്ടികളേ, ചാർജെടുത്തത് അറിഞ്ഞ പല കുട്ടികളും നാളെ ഞങ്ങൾക്ക് അവധി തരുമോ എന്ന് ചോദിച്ചു സന്ദേശം അയയ്ക്കുന്നുണ്ട്.

പരീക്ഷക്കാലമായതിനാലും മഴ ഇല്ലാത്തതിനാലും നാളെ അവധി തരാൻ പറ്റില്ലല്ലോ. എന്നിരുന്നാലും കുട്ടികൾക്ക് ഒരു സർപ്രൈസ് സമ്മാനവുമായാണു ഞാൻ എത്തിയിരിക്കുന്നത്. ജില്ലയിലെ മലയോര, കടലോര മേഖലകളിലെ 15 സ്‌കൂളുകളിൽ ലോകോത്തര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് മുറികൾ സ്‌പോൺസർഷിപ് വഴി ഒരുക്കുന്നതാണ് എന്റെ സമ്മാനം. 65 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനോടു കൂടിയ ഇന്ററാക്ടീവ് പാനലുകൾ വഴി നിങ്ങളുടെ പഠനം കൂടുതൽ രസകരവും എളുപ്പവുമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഇതു കുട്ടികൾക്കായുള്ള എന്റെ ആദ്യ സമ്മാനമാണ്.നന്നായി പഠിച്ചു പരീക്ഷ എഴുതുമല്ലോ’. കൂടുതൽ സർപ്രൈസുകൾ വഴിയെ വരുമെന്ന മുന്നറിയിപ്പും കലക്ടർ നൽകുന്നു.15 സ്കൂളുകളെ തിരഞ്ഞെടുത്ത് സ്മാർട്ട് ക്ലാസ്മുറികൾ ഒരുക്കുന്ന ജോലി ഈ മാസം തന്നെ പൂർത്തിയാക്കാനാണു തീരുമാനമെന്നു കലക്ടർ ‘മനോരമ’യോടു പറഞ്ഞു. ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്മാർട്ട് റൂമുകൾ ഒരുക്കുന്നത്.

ഓൺലൈൻ ക്ലാസുകൾക്കും ക്ലാസുകളുടെ ലൈവ് സ്ട്രീമിങ്ങിനുമുള്ള സൗകര്യങ്ങൾ അടങ്ങിയതാണു സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അടങ്ങിയ സ്മാർട് ക്ലാസ്റൂം. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ ഉള്ളടക്കം സൂം ചെയ്തു കാണാനും വൈറ്റ് ബോർഡായി ഉപയോഗിക്കാനും സാധിക്കും. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ആദ്യദിനം തന്നെ വിളിക്കുകയും ചെയ്തു കലക്ടർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com