തനിച്ചല്ല ഇന്നസന്റ്, അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ ഇനി ജീവനുള്ള ചിത്രങ്ങളായി ഇവരും
Mail This Article
ഇരിങ്ങാലക്കുട ∙ മാന്നാർ മത്തായിയും യശ്വന്ത് സഹായിയും കാബൂളിവാലയിലെ കന്നാസും മണിച്ചിത്രത്താഴിലെ ഉണ്ണിത്താനുമെല്ലാം ഇവിടെ ഉണ്ടാകും; മരിക്കാതെ. ഇന്നസന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ ഇനി ജീവനുള്ള ചിത്രങ്ങളായി തുടരും.
മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ച മറക്കാനാവാത്ത മുപ്പതോളം കഥാപാത്രങ്ങളാണ് സെന്റ് തോമസ് കത്തീഡ്രലിന്റെ കിഴക്കേ സെമിത്തേരിയിലെ കല്ലറയിൽ നിറഞ്ഞത്. പേരക്കുട്ടികളായ ഇന്നസന്റിന്റെയും അന്നയുടെയും ആശയമായിരുന്നു അപ്പാപ്പന്റെ മികച്ച കഥാപാത്രങ്ങളെ കല്ലറയിൽ പകർത്തണമെന്നത്.
കാബൂളിവാല, മിഥുനം, രാവണപ്രഭു, ഇഷ്ടം, ഫാന്റം പൈലി, ദേവാസുരം, റാംജിറാവ് സ്പീക്കിങ്, മന്നാർ മത്തായി സ്പീക്കിങ്, മഴവിൽക്കാവടി, പാപ്പി അപ്പച്ചാ, മണിച്ചിത്രത്താഴ്, സന്ദേശം തുടങ്ങിയ സിനിമകളിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ഗ്രാനൈറ്റിൽ എൻഗ്രേവ് ചെയ്തത്. എകെപി ജംക്‌ഷന് സമീപമുള്ള ടച്ച് എൻഗ്രേവ് ഉടമ രാധാകൃഷ്ണനാണ് ചിത്രങ്ങൾ പകർത്തിയത്. ഇന്നലെ ഏഴാം ചരമ ദിനത്തിന്റെ ചടങ്ങുകൾ ഇവിടെ നടന്നു.