ADVERTISEMENT

തൃശൂർ ∙ തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെ മൂന്നു നിലകളുള്ള പ്രധാന കെട്ടിടത്തിൽ ഏറ്റവും മുകളിലാണു കെഎസ്ആർടിസി ജീവനക്കാർക്കു വിശ്രമത്തിനും മറ്റുമുള്ള സൗകര്യമുള്ളത്. കൃത്യമായ മുറികൾ ഇല്ലാത്ത, ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽക്കൂരയുടെ താഴെയാണു ജീവനക്കാരുടെ വിശ്രമം. ചൂട് കാലത്തു മേൽക്കൂരയ്ക്കു താഴെ കിടക്കാൻ കഴിയില്ലെന്നും രാത്രിയായാൽ പോലും സ്ഥിതിക്കു മാറ്റമില്ലെന്നും ജീവനക്കാർ പറയുന്നു. കട്ടിലുകളുണ്ടെങ്കിലും മിക്കവയും കാലപ്പഴക്കത്താൽ ഭാഗികമായി നശിച്ചിട്ടുണ്ട്.

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്ത്, പ്രവേശന കവാടത്തിനു സമീപത്തുള്ള ജീവനക്കാരുടെ വിശ്രമത്തിനു സ്ഥാപിച്ചിട്ടുള്ള സ്റ്റാഫ് സ്ലീപ്പർ ബസ്.
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്ത്, പ്രവേശന കവാടത്തിനു സമീപത്തുള്ള ജീവനക്കാരുടെ വിശ്രമത്തിനു സ്ഥാപിച്ചിട്ടുള്ള സ്റ്റാഫ് സ്ലീപ്പർ ബസ്.

ചില മുറികളിലാണെങ്കിൽ ഫാനും കറങ്ങുന്നില്ല. അടുത്ത കാലത്ത് ജീവനക്കാരുടെ ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതു ചെലവഴിച്ചു നവീകരിച്ച സൗകര്യങ്ങൾ മാത്രമാണു ജീവനക്കാർക്ക് ഇപ്പോൾ കെഎസ്ആർടിസി സ്റ്റാൻഡിലെ കെട്ടിടത്തിലുള്ളത്. വിശ്രമം കൂടാതെ നല്ല ഭക്ഷണത്തിനും ശുചിമുറി ആവശ്യങ്ങൾക്കും ജീവനക്കാർ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. കെഎസ്ആർടിസി കന്റീനിലെ ഭക്ഷണം വായിൽ വയ്ക്കാൻ കഴിയില്ലെന്നാണു ജീവനക്കാരുടെ അഭിപ്രായം.

പകൽ തിരക്കേറിയ സമയങ്ങളിൽ ബസ് പാർക്ക് ചെയ്യാൻ കഴിയാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നതു സ്ഥിരം കാഴ്ചയാണ്. ഏതുവിധേനയും പാർക്ക് ചെയ്തു ശുചിമുറിയിലേക്കുള്ള വഴി കണ്ടെത്തുമ്പോഴേക്കും ബസ് പുറപ്പെടാനുള്ള സമയമായിട്ടുണ്ടാകും. തൃശൂർ ഡിപ്പോയിലെ ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇപ്പോൾ പൊതുജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായി പരാതിയുണ്ട്. യാത്രാ ഫ്യൂവൽസ് പദ്ധതിയുടെ ഭാഗമായി സ്റ്റാൻഡിനുള്ളിൽ പുതിയ പെട്രോൾ പമ്പ് വന്നതോടെയാണ് സ്റ്റാൻഡിനുള്ളിലേക്ക്

അന്യവാഹനങ്ങൾ പ്രവേശിക്കാൻ തുടങ്ങിയതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി സ്റ്റാൻഡിൽ പൊതുജനങ്ങളുടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. രാത്രി സ്റ്റേഷൻ മാസ്റ്ററുടെ സമീപത്തുള്ള വലിയ മുറി ഡ്രൈവർമാർ വിശ്രമത്തിനായി തിരഞ്ഞെടുക്കാറുണ്ട്. അടുത്തിടെ യാത്രക്കാരും ഈ മുറിയിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ജീവനക്കാരുമായി തർക്കങ്ങളുണ്ടാകാറുണ്ടെന്നും പറയുന്നു. 

സ്റ്റാഫ് സ്ലീപ്പറും ബസ്റ്റോറന്റും

ജീവനക്കാരുടെ വിശ്രമത്തിനായി ബസുകളിൽ ഒന്ന് ‘സ്റ്റാഫ് സ്ലീപ്പർ’ എന്ന പേരിൽ രൂപം മാറ്റി ട്രാക്കുകൾക്കു സമീപത്തു മാറ്റിയിട്ടിട്ടുണ്ട്. പടിഞ്ഞാറു ഭാഗത്തെ തിരക്കേറിയ പ്രവേശന കവാടത്തിനു സമീപമാണ് ഈ ബസ്. ദീർഘദൂര ബസുകളിലെ ജീവനക്കാരാണു പ്രധാനമായും വിശ്രമത്തിനായി സ്റ്റാഫ് സ്ലീപ്പർ പ്രയോജനപ്പെടുത്തുന്നത്. ക്രൂ ചേഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന അടുത്ത സർവീസിനു ജീവനക്കാർ മാറുന്ന ദീർഘദൂര ബസുകളിലെ ഡ്രൈവർമാരും കണ്ടക്ടർമാരും ഈ സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്.

സ്ലീപ്പർ ബസിനു സമീപം തന്നെ ‘ബസ്റ്റോറന്റ്’ എന്ന പേരിൽ ചെറിയ ഭക്ഷണശാലയും രൂപം മാറ്റിയ ബസിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത് നിലവിൽ അനാഥമായി കിടക്കുകയാണ്. ഈ ബസുകൾ രണ്ടും മാറ്റി, പടിഞ്ഞാറു ഭാഗത്ത് ബസുകൾ പ്രവേശിക്കാനും പുറത്തിറങ്ങാനും കൂടുതൽ സൗകര്യം ഒരുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി വിടാതെ പിന്തുടരുന്ന കെഎസ്ആർടിസിക്ക് ചെറിയ തോതിൽ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനാണ് ‘ബസ്റ്റോറന്റ്’ എന്ന ആശയം അവതരിപ്പിച്ചത്.

രൂപം മാറ്റിയ ബസ് റസ്റ്ററന്റായി മാറ്റുന്നതിനാണു ലക്ഷ്യമിട്ടത്. എടപ്പാൾ ഡിപ്പോയിൽ നിർമിച്ച ബസ്റ്റോറന്റ് ബസാണു തൃശൂരിലെത്തിച്ചത്. ഒരു ബസ് ബസ്റ്റോറന്റാക്കി മാറ്റാൻ കെഎസ്ആർടിസിക്ക് ഉള്ളിലെ രൂപകൽപന അടക്കം ലക്ഷങ്ങളാണു ചെലവു വന്നത്. ഇത്തരത്തിൽ തൃശൂരിലെത്തിച്ച ബസ്റ്ററന്റാണു അനാഥമായി സ്ഥലം കയ്യേറി കിടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com