കൊണ്ടാഴി-കുത്താമ്പുള്ളി പാലം നിർമാണോദ്ഘാടനം നാളെ
Mail This Article
കുത്താമ്പുള്ളി∙ ഗായത്രിപ്പുഴയ്ക്കു കുറുകെയുള്ള കൊണ്ടാഴി-കുത്താമ്പുള്ളി പാലം നിർമാണോദ്ഘാടനം നാളെ രാവിലെ 10നു കിഴക്കേ ദേവസ്വം മണ്ഡപത്തിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. കിഫ്ബി പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കൽ അടക്കം 33.14 കോടി രൂപയാണു പാലത്തിനു ചെലവു കണക്കാക്കിയിരിക്കുന്നത്. പുഴയ്ക്കു കുറുകെയുള്ള പ്രധാന പാലത്തിനു11 മീറ്റർ വീതിയും 155.74 മീറ്റർ നീളവുമുണ്ടാകും. ഇതു കൂടാതെ വയലിനു കുറുകെ മറ്റൊരു പാലവും (194 മീറ്റർ) ചീരക്കുഴി കനാലിനു കുറുകെ ചെറിയ പാലവും (20 മീറ്റർ) നിർമിക്കും. കേരള റോഡ്സ് ഫണ്ട് ബോർഡിനാണു നിർമാണച്ചുമതല. കോഴിക്കോട് ജാസ്മിൻ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു നിർമാണ കരാർ. നിർമാണ കാലാവധി 18 മാസമാണ്.
അനുബന്ധ റോഡുകൾക്ക് ആകെ നീളം 739 മീറ്ററാണ്. കുത്താമ്പുള്ളിയിൽ ശ്മശാനം കടവ് റോഡിനു സമീപത്തെ വളവിൽ നിന്നു നേരെ പടിഞ്ഞാറു ഭാഗത്തേക്കാണ് അനുബന്ധ റോഡ് തുടങ്ങുന്നത്. മായന്നൂരിൽ തൃളക്കോട് ക്ഷേത്രത്തിനു വടക്കു ഭാഗത്തു കൂടി നിർമിക്കുന്ന അനുബന്ധ റോഡ് കാവു വട്ടം സ്റ്റോപ്പിനു സമീപത്തു വച്ചു മായന്നൂർ റോഡിൽ ചേരും. കുത്താമ്പുള്ളിയിലെ വസ്ത്ര വ്യാപാരികൾക്ക് ഒറ്റപ്പാലത്തേക്കുള്ള ദൂരം 20ൽ നിന്ന് 5 കിലോമീറ്ററായി ചുരുങ്ങും.
മായന്നൂരിലേക്കും ഒറ്റപ്പാലത്തേക്കും പോകുന്ന വിദ്യാർഥികൾക്കു തോണിയാത്ര ഒഴിവാകുമെന്നതു രക്ഷിതാക്കൾക്കും ആശ്വാസമേകും. കൊണ്ടാഴിയിൽ നിന്നു കുത്താമ്പുള്ളിയിലെ വസ്ത്ര-കെട്ടിട നിർമാണ സ്ഥലങ്ങളിലേക്കു വരുന്ന തൊഴിലാളികൾക്കു പെട്ടെന്നു എത്താം. ലക്കിടി റെയിൽവേ ഗേറ്റ് മൂലം ഒറ്റപ്പാലം യാത്രയിലുണ്ടാകുന്ന കുരുക്ക് ഒഴിവായി കിട്ടുമെന്നതിനാൽ തിരുവില്വാമലക്കാർക്കാകെയും പാലം പ്രയോജനപ്പെടും.