ADVERTISEMENT

ചാലക്കുടി ∙ സൈക്കളിൽ നേട്ടങ്ങൾ കൊയ്യുകയാണ് ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എസ്ഐ സജു പൗലോസ്. തുടർച്ചയായി 1200 കിലോമീറ്ററാണ് ഇദ്ദേഹം സൈക്കിൾ ചവിട്ടിയത്. 1200 കിലോമീറ്റർ ലക്ഷ്യമിട്ട് ഈ മാസം 11 ന് 4 മണിക്കാണു യാത്ര തുടങ്ങിയത്.15 ന് 9 മണിക്കായിരുന്നു ലക്ഷ്യപ്രാപ്തിയോടെ സമാപനം. മുരിങ്ങൂർ സാൻജോ നഗർ മാച്ചാമ്പിള്ളി കുടുംബാംഗമായ ഇദ്ദേഹത്തിന്റെ മനസ്സിൽ വ്യായാമത്തിനായി സൈക്കിൾ സവാരിയെന്ന ആശയമെത്തുന്നത് 2020 ൽ കോവിഡ് കാലത്ത്.

അന്നു നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടിയിലായിരുന്നു. പുതിയ സൈക്കിൾ വാങ്ങി ദിവസവും 50 കിലോമീറ്റർ ചവിട്ടി. പതിയെ ഓരോ ദിവസവും ചവിട്ടുന്ന ദൂരം വർധിപ്പിച്ചു.   മുസിരിസ് സൈക്ക്ലിസ്റ്റ് ക്ലബ്ബിൽ അംഗമായി. ദിവസവും 100 കിലോമീറ്റർ പോകുന്നവർക്കൊപ്പമായി പിന്നീട്. തുടർച്ചയായി 50 ദിവസം സെഞ്ചുറി ലക്ഷ്യമിട്ടു. അങ്ങനെ 5000 കിലോമീറ്റർ തികച്ചു. 111 ദിവസം ദിവസം ശരാശരി 100 കി.മീ സൈക്കിൾ സവാരി നടത്തിയിട്ടുണ്ട്. പിന്നീട് ദൈർഘ്യം കൂട്ടിക്കൂട്ടി 600 കിലോമീറ്റർ വരെയായി. 

ജോലിയെ ബാധിക്കാതെയാണ് സൈക്കിൾ ചവിട്ടിനിറങ്ങുന്നത്. സജുവിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർ സൈക്കിളിങ് ശീലമാക്കി. നേരത്തെ 93 കിലോ ഭാരമുണ്ടായിരുന്ന സജു 5 മാസം കൊണ്ട് 76 കിലോയിലെത്തി. മേയിൽ ദുബായിൽ നടക്കുന്ന സൈക്കിൾ റണ്ണിൽ പങ്കെടുക്കാനുള്ള  തയാറെടുപ്പിലാണ് ഇദ്ദേഹം. നേരത്തെ ഫുട്ബോളിലും ബാഡ്മിന്റണിലും മികവു തെളിയിച്ചിട്ടുണ്ട്. മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച എടിഎസ് എസിപി ബൈജു പൗലോസ് സഹോദരനാണ് കൊച്ചിൻ ബൈക്കേഴ്സ് ക്ലബ് അംഗമാണ് . ചാലക്കുടി പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ അനുമോദിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എസ്. സന്ദീപ് പുരസ്കാരം സമ്മാനിച്ചു.

English Summary: SI Saju Paulus of Chalakudy Police Station cycled 1200 km continuously

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com