ആ കാർ കണ്ടെത്തി; കെട്ടിവലിച്ചു കൊണ്ടുപോകുമ്പോൾ നാട്ടുകാർ തടഞ്ഞ് പൊലീസിനു കൈമാറി
Mail This Article
എരുമപ്പെട്ടി∙ പന്നിത്തടം സെന്ററിനു സമീപം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമികൾ കൃത്യത്തിനുപയോഗിച്ച കാർ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു നിന്നു തൃശൂരിലേക്കു ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോയിരുന്ന കാർ പന്നിത്തടത്തു വച്ചു നാട്ടുകാർ തടഞ്ഞ് പൊലീസിനു കൈമാറുകയായിരുന്നു.
മരത്തംകോട് സ്വദേശി എരവത്തേതിൽ ഷെജീറിനെയാണ്( 35) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. എയ്യാൽ സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനു ശേഷം പോകുന്നതിനിടെ പ്രതികളുടെ കാർ മതിലിൽ ഇടിച്ചിരുന്നു. ചങ്ങരംകുളം മാർക്കറ്റിനു സമീപം കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ചങ്ങരംകുളം പൊലീസ് നടത്തിയ അന്വഷണത്തിൽ തൃശൂരിലെ റെന്റ് എ കാർ കമ്പനിയിലേതാണെന്ന് കണ്ടെത്തി അവരെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി കാർ കൊണ്ടു പോകുമ്പോഴാണ് അക്രമി സംഘം സഞ്ചരിച്ച വാഹനമാണെന്ന് തിരിച്ചറിഞ്ഞു നാട്ടുകാർ പൊലീസിനെ അറിയിച്ചത്. സിഐ റിജിൻ കെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local