ദുരന്തത്തിലേക്ക് വഴികാണിക്കുന്ന നാവിഗേഷൻ; അതിരപ്പിള്ളിയിലും ഗൂഗിൾ മാപ്പ് വഴിതെറ്റിക്കുന്നു
Mail This Article
അതിരപ്പിള്ളി ∙ വിനോദ കേന്ദ്രത്തിലേക്കു ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ചെന്നെത്തുന്നത് ഇടംവലം തിരിയാൻ കഴിയാത്ത കുരുക്കിൽ. ചാലക്കുടി ദിശയിൽ നിന്നും യാത്രതുടങ്ങിയവർ കണ്ണൻകുഴി എസ് വളവിൽ എത്തുമ്പോഴാണ് നാവിഗേഷൻ വലത്തോട്ടു തിരിയാൻ സൂചന നൽകുന്നത്. ഇതോടെ വളവോടുകൂടിയ കുത്തനെയുള്ള കയറ്റത്തിൽ ഡ്രൈവർമാർ മറ്റൊന്നും ശ്രദ്ധിക്കാതെ പൊടുന്നനെ വാഹനങ്ങൾ നിർത്തേണ്ടി വരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ പിറകിൽ നിന്നും വരുന്ന വാഹനങ്ങൾ പിറകിലിടിച്ചുണ്ടാകുന്ന അപകടങ്ങളും ഇവിടെ പതിവാണ്.ഗൂഗിൾ നിർദേശ പ്രകാരം വലതു ഭാഗത്തേക്കു കുത്തനെയുള്ള ഇറക്കം കഴിഞ്ഞാലുടൻ വീണ്ടും ഇടത്തോട്ടു തിരിയാൻ അറിയിപ്പു ലഭിക്കും. ഇതോടെ വാഹനം ചെന്നെത്തുന്നത് ഇടംവലം തിരിയാൻ സ്ഥലമില്ലാത്ത പഞ്ചായത്ത് പാർക്കിങ് ഗ്രൗണ്ടിലാണ്. പിന്നീട് നേരായ വഴികാട്ടാൻ ഗൂഗിളിനുമറിയില്ല.ഇത്തരത്തിൽ ഗൂഗിളിനെ വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ട ദിവസേന ഒട്ടേറെ പേരാണ് വിനോദ കേന്ദ്രത്തിലേക്കുള്ള വഴിയറിയാതെ ചുറ്റിക്കറങ്ങുന്നത്.