ADVERTISEMENT

കൊടുങ്ങല്ലൂർ ∙  വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എറിയാട് പഞ്ചായത്തിൽ മാത്രം  കാത്തിരിക്കുന്നത് 2000 കുടുംബങ്ങൾ.  ഭൂരഹിതർ, ഭവനരഹിതർ എന്നീ വിഭാഗങ്ങളിലായാണു ഏകദേശം 2000 പേർ  വീടിനു കാത്തിരിക്കുന്നത്. തീരദേശത്തു കഴിഞ്ഞ ഏതാനും വർഷങ്ങളായി പുനർഗേഹം, ലൈഫ് ഭവന പദ്ധതിക്കായി കാത്തിരിക്കുന്നവർക്കു ദുരിതപ്പെരുമഴയാണ്.

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പഞ്ചായത്തിലെ മറ്റു വാസയോഗ്യമല്ലാത്ത വീടില്ലാത്തവർക്കുമായി ഒട്ടേറെ ഭവന പദ്ധതികളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോഴിത് പുനർഗേഹം ലൈഫ് ഭവന പദ്ധതി മാത്രമായി.  ഇതോടെ തീരദേശത്തു വീട് നിർമാണവും വീട് അനുവദിക്കലും താളം തെറ്റി.  

ഓഖി ദുരന്തത്തിലാണു കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരത്തു കടലേറ്റത്തിൽ ഒട്ടേറെ വീടുകൾ തകർന്നത്. പിന്നീട് കാലവർഷത്തിലും പ്രളയത്തെ തുടർന്നു വേലിയേറ്റത്തിലുമെല്ലാം വീടുകൾ തകർന്നു.  തുടർച്ചയായുണ്ടായ കടൽ ക്ഷോഭത്തിലും പ്രദേശത്തു ഏറെ വീടുകൾ തകർന്നിരുന്നു. തകർന്ന വീടുകൾക്കു പുതിയ വീടുകൾ അനുവദിക്കുന്നതിനൊപ്പം കടപ്പുറത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർക്കും സ്ഥലവും വീടും നൽകാനുള്ള പദ്ധതിയായി. 

ഇതു പ്രകാരം സ്ഥലത്തിനു 6 ലക്ഷം രൂപയും വീടിനു 4 ലക്ഷം രൂപയുമാണ് നിശ്ചയിച്ചത്.  600 മുതൽ 900 ചതുരശ്ര അടി വിസ്തൃതിയിൽ വീട് നിർമിക്കാനാണ് സഹായം അനുവദിക്കുന്നത്. പുനർഗേഹം പദ്ധതി പ്രകാരം വീട് ലഭിക്കണമെങ്കിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ സർവേയും പഞ്ചായത്തിന്റെ നിരീക്ഷണവും ആദ്യഘട്ട കടമ്പയാണ്.

പിന്നീട് അനുയോജ്യമായ ഭൂമി കണ്ടെത്തണം. കടലിൽ നിന്നു 50 മീറ്ററിനുള്ളിൽ ആകരുത്, വെള്ളക്കെട്ട്, വഴി തടസ്സം എന്നിവയൊന്നും ഭൂമിയെ ബാധിക്കാൻ പാടില്ല.  ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യഫെഡ്, വില്ലേജ്, മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെടുന്ന സംഘമാണ് സ്ഥലം നിശ്ചയിക്കുന്നത്. പിന്നീട് കലക്ടറുടെ ചേംബറിൽ റജിസ്ട്രേഷൻ നടപടികൾക്കു തീരുമാനം.  ഒട്ടേറെ കടമ്പകൾ പിന്നിട്ടാണ് അർഹരായവർക്കു ഭൂമി ലഭിക്കുന്നത്. ഇതിനായി വർഷങ്ങൾ സമയം എടുക്കുകയാണ്.

പിന്നീട്, വീടിന്റെ നിർമാണ ഘട്ടങ്ങൾ, തറ നിർമാണം മുതൽ വീട് താമസം വരെ വിവിധ ഘട്ടങ്ങളിലായാണ് പണം അനുവദിക്കുക. ലൈഫ് ഭവന പദ്ധതി പ്രകാരം ഭൂ രഹിതരും ഭവന രഹിതരുമായി ഒട്ടേറെ അപേക്ഷയാണുള്ളത്. 4ലക്ഷം രൂപയാണ് വീടിനായി നൽകുന്നത്. ഇതു ഫണ്ട് ഇല്ലാത്തതിനാൻ അനന്തമായി നീളുകയാണ്.  തകർന്നു വീഴാറായ വീട്ടിലാണ് പലരുടെയും താമസം. മാസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് വീട് അനുമതിയാകുന്നത്.

അപ്പോഴേക്കും തൊഴിൽ പോലുമില്ലാതെ അലയുന്ന അവസ്ഥയാണ് ഗൃഹനാഥർക്ക്.  5 വർഷമായി വീടിനായി കാത്തിരിക്കുകയാണെന്നു എറിയാട് മൂന്നാം വാർഡിൽ എസ്എൻ നഗർ മേപ്പറമ്പിൽ വത്സല, മാവുംകൂട്ടത്തിൽ ശാരദ എന്നിവർ പറഞ്ഞു.  ഭവന പദ്ധതികളിലെ കാലതാമസം ഒഴിവാക്കണമെന്നാണ് വീട് നഷ്ടപ്പെട്ടവരുടെ അഭ്യർഥന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com